അഹമ്മദാബാദ്: പ്രത്യേക പരിശീലനം ലഭിക്കാത്ത വന്യജീവികള്‍ മനുഷ്യനെ അനുസരിക്കാറുണ്ടോ? വഴങ്ങിക്കൊടുക്കലുകള്‍ക്ക് നില്‍ക്കാത്ത വന്യജീവികളിലൊന്നായ സിംഹം ഒരു ഫോറസ്റ്റ് വാച്ചറിന്‍റെ അപേക്ഷ കേള്‍ക്കുന്ന ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ മാര്‍ഗതടമുണ്ടാക്കി കിടന്ന സിംഹം വനംവകുപ്പ് വാച്ചറുടെ അപേക്ഷ കേട്ട് റോഡില്‍ നിന്ന് മാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദിവസം മുഴുവന്‍ ജോലിയായിരുന്നെന്നും വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും വാച്ചര്‍ ഗുജറാത്തിയില്‍ പറഞ്ഞതിന് പിന്നാലെ സിംഹം എഴുന്നേറ്റ് റോഡില്‍ നിന്ന് മാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹജീവികളോടൊപ്പമുള്ള ജീവിത രീതിയെന്ന കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാട്ടിലെ രാജാവ് അനുസരിക്കുന്നുവെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ കേന്ദ്ര മന്ത്രി പറയുന്നു. 

ഗിര്‍ വനത്തിലെ നിഹോദി മേഖലയിലെ ജുനാഗഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോഴാണ് റോഡില്‍ സിംഹം കിടക്കുന്നത് വാച്ചര്‍ കാണുന്നത്. മഹേഷ് സോണ്ട്വാര എന്ന വനം വകുപ്പ് വാച്ചറാണ് അപൂര്‍വ്വ അനുഭവം സിംഹത്തില്‍ നിന്ന് നേരിട്ടത്. എന്തെങ്കിലും വിചിത്രമായ അനുഭവം നേരിട്ടാല്‍ അവയുടെ വീഡിയോ എടുക്കണമെന്ന് ഉന്നതാധികാരികള്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് മഹേഷ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.