0.2 എംഎം വെടിയുണ്ടയാണ് യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും കണ്ടെത്തിയത്.
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത തുടരുന്നതിനിടെ വിമാനത്തിൽ കയറാൻ വെടിയുണ്ടകളുമായി എത്തിയ യുവാവ് പിടിയിലായി. നാഗ്പൂരിലെ ഡോ ബാബാ സാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇർഫാൻ ഖാൻ എന്ന യുവാവ് പിടിയിലായത്. താജ് ബാഗ് സ്വദേശിയായ ഇയാൾ മുംബൈയിലേക്കുള്ള ഒരു വിമാനത്തിൽ കയറാൻ എത്തിയതായിരുന്നു.
വിമാനത്താവളത്തിൽ വെച്ച് ഇയാളുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് ആദ്യം 0.2 എംഎം വെടിയുണ്ട കണ്ടെടുത്തത്. തുടർന്ന് ദേഹ പരിശോധന നടത്തിയപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും വെടിയുണ്ട ലഭിച്ചു. മുംബൈയിലേക്കുള്ള ഇന്റിഗോയുടെ 6E 5002 വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയതായിരു്നനു ഇയാൾ. ബാഗിനുള്ളിൽ ഷേവിങ് കിറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ട. സിഐഎസ്എഫ് ചോദ്യം ചെയ്തപ്പോൾ തോക്ക് ലൈസൻസോ വെടിയുണ്ട കൊണ്ടുപോകുന്നതിനുള്ള അനുമതിയോ ഇയാൾക്ക് ഇല്ലെന്ന് കണ്ടെത്തി.
തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രതാ സന്ദേശം നൽകി. ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സോനേഗാം പൊലീസിന് കൈമാറി. യുവാവ് സെക്കന്റ് ഹാന്റ് വാഹനങ്ങളുടെ കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ആയുധ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ വെടിയുണ്ട കൊണ്ടുപോകാൻ ശ്രമിച്ചത് എന്തിനാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.


