ബിഹാറിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന എൻഡിഎ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമ്പോൾ, ലോക്‌ജനശക്തി പാർട്ടിക്കും ബിജെപിക്കും ഉപമുഖ്യമന്ത്രി പദം നൽകാനും ധാരണ

പാറ്റ്ന: ബിഹാറിൽ സർക്കാർ രൂപീകരണം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന എൻഡിഎ സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പരിഹരിക്കുന്നു. ഏഴ് എംഎൽഎമാർക്ക് ഒരു മന്ത്രിയെന്ന ഫോർമുല സ്വീകരിച്ചതോടെ ബി.ജെ.പി, ജെ.ഡി.യു പാർട്ടി എം.എൽ.എമാരിൽ നിന്ന് തുല്യനിലയിൽ സർക്കാരിൽ മന്ത്രിമാരുണ്ടാകും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം ലോക്‌ജനശക്തി പാർട്ടിക്ക് ഒരു ഉപമുഖ്യമന്ത്രി പദം നൽകാനും രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നിലനിർത്താനും ധാരണയായി.

ബിജെപിയുടെ രാം കൃപാൽ യാദവും, എൽജെപിയിൽ രാജു തിവാരിയും ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എല്ലാ നിയുക്ത എംഎൽഎമാരോടും പാറ്റ്നയിൽ തുടരാൻ ബിജെപി,ജെഡിയു നേതാക്കൾ നിർദേശം നൽകി. നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് നിതീഷ് കുമാർ ഇന്നോ നാളെയോ ഗവർണറെ കാണും. ഈ മാസം 20 നുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാനാണ് ആലോചന.

അതേസമയം ബിഹാർ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തിൽ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കും. പുതിയ ദേശീയ അധ്യക്ഷൻ ആരെന്നതിൽ ബിജെപി നേതൃതലത്തിൽ ഏകദേശ ധാരണയായതായി റിപ്പോർട്ടുണ്ട്. ആദ്യ വനിതാ അധ്യക്ഷ വരുമോ എന്നതിലും ആകാംക്ഷയുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ പ്രസിഡൻ്റിനെ കണ്ടെത്താനുള്ള നടപടികൾ നിർത്തിവച്ചത്. ഭൂരിഭാ​ഗം സംസ്ഥാനങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയായി.