Asianet News MalayalamAsianet News Malayalam

വരേണ്ടെന്ന് അഭ്യര്‍ഥന; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തിയേക്കില്ല 

ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിന് വരരുതെന്ന് അഭ്യർഥിച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

LK Advani, MM Joshi will not attend ayodhya ram temple event prm
Author
First Published Dec 19, 2023, 9:40 AM IST

ദില്ലി: അയോധ്യയിൽ പുതിയതായി നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളിമനോഹർ ജോഷിയും പങ്കെടുക്കില്ല. രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ബിജെപി നേതാക്കളാണ് ഇരുവരും. ഇരുവരും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു. എന്നാൽ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിന് വരരുതെന്ന് അഭ്യർഥിച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചടങ്ങിൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യർഥിച്ചു. ഇരുവരും അഭ്യർഥന അം​ഗീകരിച്ചെന്നും ചമ്പത് റായ് പറഞ്ഞു. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മെത്രാഭിഷേക ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റായ് പറഞ്ഞു. 

ജനുവരി 15നകം ഒരുക്കം പൂർത്തിയാകുമെന്നും ജനുവരി 16 മുതൽ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള പൂജ 22 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷണിതാക്കളുടെ ലിസ്റ്റ് നൽകി. അദ്വാനിക്ക് ഇപ്പോൾ 96 വയസ് പൂർത്തിയായി. ജോഷിക്ക് അടുത്ത മാസം 90 വയസ് തികയും. മുൻ പ്രധാനമന്ത്രി ദേവഗൗഡയെ സന്ദർശിക്കാനും ചടങ്ങിലേക്ക് ക്ഷണിക്കാനും മൂന്നംഗ സംഘത്തെ നിയോ​ഗിച്ചു.  ശങ്കരാചാര്യ മഠങ്ങളിലെ 150 സന്യാസിമാരും നാലായിരത്തോളം മറ്റു സന്ന്യാസിമാരും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് ​​കാമത്ത്, ഐ.എസ്.ആർ.ഒ ഡയറക്ടർ നിലേഷ് ദേശായിയെയും ക്ഷണിച്ചു.  ജനുവരി 23 ന് ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios