എൽഎൻ ജെ പി ആശുപത്രി സൂപ്രണ്ടും സുരക്ഷ ജീവനക്കാരുമാണ് യുവാവിനെ തടഞ്ഞത്. ആശുപത്രിക്കെതിരെ യുവാവ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. 

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകനെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കാതെ ആശുപത്രി അധികൃതര്‍. മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു ദില്ലി എല്‍എന്‍ജെപി ആശുപത്രി അധികൃതര്‍ ബലം പ്രയോഗിച്ച് തടഞ്ഞത്.

കൊവിഡ് രോഗിയായ അച്ഛന് നല്‍കിയ ഓക്സിജന്‍ ആശുപത്രി അധികൃതര്‍ എടുത്തുകൊണ്ട് പോയന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ് മകന്‍ ഉന്നയിച്ചത്. അച്ഛന് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും മകന്‍ പറഞ്ഞു.

എന്നാല്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും തങ്ങള്‍ പരിഹരിച്ച് കൊള്ളാമെന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കുടുംബത്തിന്‍റെ ദൃശ്യങ്ങളും പ്രതികരണവും എടുക്കാന്‍ അനുവദിക്കാതെ സൂപ്രണ്ടും സെക്യൂരിറ്റി ജീവനക്കാരും പറഞ്ഞു. റെംഡിസിവിറും ഓക്സിജനും നല്‍കിയെങ്കും യുവാവിന്‍റെ അച്ഛനെ രക്ഷിക്കാനായില്ലെന്നാണ് എല്‍എന്‍ജെപി ആശുപ്രത്രി സൂപ്രണ്ടിന്‍റെ വാദം

ആശുപ്രതിയില്‍ സാങ്കേതിക സംവിധാനങ്ങളുടെ വലിയ പരിമിതിയുണ്ടെന്നും കൊവിഡ് രോഗികള്‍ക്ക് പോലും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും പല രോഗികളുടെ കുടുംബവും കുറ്റപ്പെടുത്തി. ആശുപത്രികളില്‍ ഐസിയുവും ബെഡുകളും നിറഞ്ഞു കവിഞ്ഞ സാഹചര്യമാണ് ഇപ്പോള്‍.