ബം​ഗളൂരു: മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് തെലങ്കാന സൈബരാബാദിൽ നിന്ന്  ചൈന സ്വദേശി ഉൾപ്പടെ 4 പേർ അറസ്റ്റിലായി. ദില്ലി ആസ്ഥാനമാക്കി ഇവർ 11 ആപ്പുകൾ വഴി ഇടപാട് നടത്തിയിരുന്നു. ഇതോടെ തെലങ്കാനയിൽ അറസ്റ്റിലായവർ 16 ആയി.  തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

രാജ്യത്ത് വിവിധയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക അറസ്റ്റും പരിശോധനയും നടന്നുവരികയാണ്. തെലങ്കാനയ്ക്ക് പുറമേ ദില്ലിയിൽ നിന്നും ആളുകൾ അറസ്റ്റിലായിട്ടുണ്ട്.  കർണാടകത്തില്‍ 3 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകളെ പറ്റി റിസർവ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമിത പലിശയീടാക്കി ആപ്പുകൾ വഴി എളുപ്പത്തില്‍ വായ്പ നല്‍കുന്ന 30 കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹൈദരാബാദ് പൊലീസ് കണ്ടെത്തിയത്. ഈ കമ്പനികളുടെ ഉടമസ്ഥതയിലുള്ള 75 അക്കൗണ്ടുകൾ മരവിപ്പിച്ചു. 423 കോടി രൂപ ഈ അക്കൗണ്ടുകളിലുണ്ടായിരുന്നു. ല കമ്പനികളുടെയും ആസ്ഥാനം ബെംഗളൂരുവാണെന്നാണ് നല്‍കിയിട്ടുള്ളത്. 

തട്ടിപ്പിനിരയായവർ ഉടന്‍ സൈബർ പോലീസില്‍ വിവരം അറിയിക്കണമെന്നും സിസിബി ജോയിന്‍റ് കമ്മീഷണർ അഭ്യർത്ഥിച്ചു. ആന്ധ്രപ്രദേശിലും ഇത്തരം ആപ്പുകൾക്കെതിര അന്വേഷണം തുടങ്ങി. തിരിച്ചടവു മുടക്കിയവരെ ഭീഷണിപ്പെടുത്തുന്നത് തടയാന്‍ പൊലീസ് മാർഗനിർദേശവും പുറത്തിറക്കി.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ തിരിച്ചടവ് മുടങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഇത്തരം കമ്പനികൾ ദുരുപയോഗിക്കുന്നുണ്ടെന്നും ആർബിഐ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 35 ശതമാനംവരെ പലിശയീടാക്കിയാണ് ഇത്തരം ആപ്പുകൾ വായ്പ നല്‍കിയിരുന്നത്.

തെലങ്കാനയില്‍ ഇത്തരത്തില്‍ വായ്പയെടുത്ത 3 പേരാണ് കമ്പനി അധികൃതരുടെ പീ‍ഡനം സഹിക്കവയ്യാതെ ഇതുവരെ ആത്മഹത്യ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധനയും അറസ്റ്റും തുടരും.