Asianet News MalayalamAsianet News Malayalam

ലോണ്‍ ആപ്പ് തട്ടിപ്പ്: ഐടി കമ്പനി ഉടമകള്‍ അടക്കം നാലുപേർ ചെന്നൈയിൽ‍ അറസ്റ്റിൽ

50000 രൂപ ലോണെടുത്ത ചെന്നൈ സ്വദേശിയോടു 4.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
 

loan app fraud 4 more include it company owners arrested in chennai
Author
Chennai, First Published Jan 8, 2021, 12:34 PM IST

ചെന്നൈ: ലോണ്‍ ആപ്പ് തട്ടിപ്പ് കേസിൽ ഐടി കമ്പനി ഉടമകള്‍ അടക്കമുള്ള നാലുപേരെ ചെന്നൈയിൽ‍ അറസ്റ്റ് ചെയ്തു. അസാക്കസ് ടെക്നോ സൊലൂഷന്‍സ് ഉടമകളായ എസ്. മനോജ് കുമാര്‍ ,എസ് കെ. മുത്തുകുമാര്‍, മൊബൈല്‍ കമ്പനി ടെറിഷറി സെയില്‍സ് മാനേജര്‍  സിജാഹുദ്ദീന്‍ , വിതരണക്കാരന്‍  ജഗദീഷ് എന്നിവരെ ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ്  ചെയ്തത്. 50000 രൂപ ലോണെടുത്ത ചെന്നൈ സ്വദേശിയോടു 4.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിരുന്നു. തട്ടിപ്പിലൂടെ ശേഖരിച്ച പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന് വ്യക്തമായതോടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്. മൂന്ന് ചൈനീസ് സ്വദേശികളടക്കം മുപ്പതിലധികം പേരാണ് ഇതുവരെ വിവിധ കേസുകളിലായി തെലങ്കാനയിലും കർണാടകത്തിലും ചെന്നൈയിലുമായി അറസ്റ്റിലായത്.

കൊള്ളപ്പലിശയീടാക്കി ആപ്പുകൾ വഴി വായ്പ നല്‍കിയ കമ്പനികൾ ഇതിനോടകം 21000 കോടി രൂപ തട്ടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പല ആപ്പുകളുടെയും തലപ്പത്ത് ചൈനീസ് സ്വദേശികളാണെന്ന് തെലങ്കാന പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് കേന്ദ്ര ഏജന്‍സി വിഷയം പരിശോധിച്ചത്. തട്ടിപ്പിലൂടെ ശേഖരിച്ച തുക ബിറ്റ് കോയിനില്‍ നിക്ഷേപിച്ച് രാജ്യത്തില്‍നിന്നും കടത്തിയെന്നും വ്യക്തമായതോടെ ഇഡി നടപടി തുടങ്ങി. തെലങ്കാനയില്‍ ആകെ രജിസ്റ്റർ ചെയ്ത 37 കേസുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്. രാജ്യവ്യാപകമായി നടന്ന തട്ടിപ്പായതിനാല്‍ അന്വേഷണം തെലങ്കാനിയലൊതുങ്ങില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനീസ് പൗരന്‍മാരായ 3 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ചിലർ രാജ്യം വിട്ടെന്ന് പോലീസിന് വിവരമുണ്ട്.

35 ശതമാനം വരെ പലിശയീടാക്കുന്ന ആപ്പുകൾ വഴി ആയിരക്കണക്കിന് പേരാണ് വായ്പയെടുത്ത് കടക്കെണിയിലായത്. കമ്പനിക അധികൃതർ തിരിച്ചടവ് മുടങ്ങുന്നവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്വകാര്യ വിവരങ്ങളുപയോഗിച്ച് അപവാദ പ്രചരണം നടത്തുകയും  പതിവായിരുന്നു. അപവാദ പ്രചാരണത്തില്‍ മനം നൊന്ത് 5 പേരാണ് ഇതുവരെ തെലങ്കാനയില്‍ ആത്മഹത്യ ചെയ്തത്. 

Follow Us:
Download App:
  • android
  • ios