ഭുവനേശ്വർ: ടിക് ടോക് വീഡിയോ ചെയ്യുന്നതിന് മാനസിക വെല്ലുവിളി നേരിടുന്ന പുരുഷനേയും സ്ത്രീയെയും നാട്ടുകാർ ബലംപ്രയോ​ഗിച്ച് വിവാഹം കഴിപ്പിച്ചു. ഒഡീഷയിലെ ബലാസോറിലാണ് സംഭവം. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന യുവാവും മാനസിക വെല്ലുവിളി നേരിടുന്ന യുവതിയ‌ുമാണ് ഒരുസംഘം നാട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായത്.

ഒരോ ​ഗ്രാമത്തിൽനിന്നുള്ളവരാണെങ്കിലും ഇരുവർക്കും പരസ്പരം അറിയുകപോലുമില്ല. ഇവരെയാണ് പരസ്പരം മാല ചാർത്തുന്നതിനും ഗ്രാമം മുഴുവൻ ചുറ്റുന്നതിനും നാട്ടുകാർ നിർബന്ധിച്ചത്. വിവാഹം കഴിച്ചതിന് ശേഷം പരസ്പരം കഴുത്തിൽ മാലയണിയിച്ച് ഇരുവരെയും ​ഗ്രാമത്തിലൂടെ നടത്തിക്കുന്ന വീഡിയോയാണ് നാട്ടുകാരിൽ‌ ചിലർ‌ ടിക് ടോക്കിൽ പങ്കുവച്ചത്.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ പരിഭ്രാന്തരായി ഇരുവരും നിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ചുറ്റും കൂടിനിൽക്കുന്നവർ ഇരുവരെയും നോക്കി കളിയാക്കി ചിരിക്കുകയും ആർപ്പിവിളിക്കുകയുമായിരുന്നു. ബലാസോറിലെ ബഹാനാഗ ബ്ലോക്കിലെ ബേക്കറിയിലെ തൊഴിലാളിയാണ് യുവാവ്.

സ്ത്രീയെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി കാണാമെന്നും ഇന്ത്യാ ടുഡോ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും തങ്ങൾക്കിതിനെ കുറിച്ച് അറിയില്ലന്നും ബലാസോർ എസ്‍പി ജുഹ​ഗൽ കിഷോർ ബനോത് വ്യക്തമാക്കി.