രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകുമ്പോൾ മാത്രമേ നിയന്ത്രണങ്ങൾ അവസാനിപ്പിക്കേണ്ടതുള്ളൂവെന്നായിരുന്നു കൊവിഡ് സാങ്കേതിക സമിതി നൽകിയ നിർദേശം.

ബെംഗളൂരു: കർണാടകത്തിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടി. ജൂൺ 14 വരെയാണ് ലോക്ഡൗൺ നീട്ടിയത്. ജൂൺ 7 വരെയായിരുന്നു നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. നിലവിലെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗ വ്യാപന നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകുമ്പോൾ മാത്രമേ നിയന്ത്രണങ്ങൾ അവസാനിപ്പിക്കേണ്ടതുള്ളൂവെന്നായിരുന്നു കൊവിഡ് സാങ്കേതിക സമിതി നൽകിയ നിർദേശം. 

ബെംഗളൂരു നഗരത്തില്‍ രോഗവ്യാപനം കുറഞ്ഞെങ്കിലും മറ്റ് ജില്ലകളില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ തുടരാനുള്ള തീരുമാനം. അതേസമയം സംസ്ഥാനത്തെ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 30 ശതമാനം ജോലിക്കാരുമായി പ്രവർത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ രാവിലെ 6 മുതല്‍ 12 വരെ അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് മാത്രമാണ് സംസ്ഥാനത്ത് തുറക്കാന്‍ അനുമതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona