കൊച്ചി: സംസ്ഥാനത്തെ നവോദയ വിദ്യാലങ്ങളിൽ നിന്നും പഠനത്തിനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥികൾ ലോക്ക് ഡൗൺ മൂലം നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടക്കം നൂറ് വിദ്യാർത്ഥികളാണ് ഒരു മാസമായി ഹോസ്റ്റലിൽ തന്നെ കഴിയുന്നത്.

നവോദയയിലെ ഒൻപതാം ക്‌ളാസ്സ് പഠനത്തിന് മൈഗ്രേഷൻ രീതിയിൽ തെരഞ്ഞെടുത്ത നൂറു കുട്ടികളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ നിന്നുള്ളവരാണിവർ. കഴിഞ്ഞ ജൂണിലാണ് പഠനത്തിൻറെ ഭാഗമായി ഇവര കൊണ്ടു പേയത്. മാർച്ച് പത്തൊൻപതിന് പരീക്ഷകൾ ഉൾപ്പെടെ പൂർത്തിയായി.

നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മൂന്നു തവണ ടിക്കറ്റ് റിസർവ് ചെയ്തെങ്കിലും യാത്ര മുടങ്ങി. പതിനാലു വയസ്സു മാത്രം പ്രായമുള്ള കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണിപ്പോൾ കഴിയുന്നത്. സ്ക്കൂൾ അധികൃതരെ ബന്ധപ്പെടുമ്പോൾ കുട്ടികൾ സുരക്ഷിതരാണെന്നും കൊവിഡ് കാലം കഴിഞ്ഞാലേ തിരിച്ചെത്തിക്കാൻ കഴിയുകയുള്ളുവെന്നുമാണ് അധികൃതർ പറയുന്നത്. കുട്ടികളും മാതാ പിതാക്കളും കേന്ദ്ര - സംസ്ഥാന മന്ത്രിമാർ അടക്കമുള്ളവരെ വിവരം അറിയിച്ചിട്ടും നടപടികൾ ഒന്നുമുണ്ടാകുന്നില്ല.