ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ കാര്‍ഷിക മേഖലയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് വെട്ടുകിളിക്കൂട്ടം കൂടുതല്‍ ഉത്തരേന്ത്യന്‍ ജില്ലകളിലേക്ക്. രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും മാത്രം നാല്പത് ജില്ലകളില്‍ വെട്ടുകിളി ആക്രമണം നടത്തി. ഗംഗാ തടത്തില്‍ കൂടുതല്‍ പ്രതിരോധമൊരുക്കിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ഭക്ഷ്യ പ്രതിസന്ധിയെന്ന് കാര്‍ഷിക രംഗത്തുള്ളവര്‍ വീണ്ടും മുന്നറിയിപ്പ് നൽകി. 

ഒരുമാസം മുമ്പ് പാക്കിസ്ഥാന്‍ വഴി രാജസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ വെട്ടുകിളികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വന്‍ നാശത്തിൻ്റെ റിപ്പോർട്ട്. രാജസ്ഥാനിലാണ് കൃഷിനാശമേറെയും.

ഇവിടെ 18 ജില്ലകളിലെ കൃഷി നശിച്ചു. ഉത്തര്‍ പ്രദേശിലെ 17 ജില്ലകളിലയും സമാനസ്ഥിതി. രാജസ്ഥാന്‍ അതിര്‍ത്തി കടന്ന് മഥുര, ആഗ്ര, അലിഗഡ്, ബുലന്ത്ഷെഹര്‍ ജില്ലകളിലേക്ക് ഇപ്പോള്‍ നീങ്ങുകയാണ്. മധ്യപ്രദേശില്‍ നിന്ന് ഝാന്‍സി മേഖലയിലേക്ക് വെട്ടുകിളി നീങ്ങിത്തുടങ്ങിയതോടെ സമീപത്തെ പത്തു ജില്ലകള്‍ക്കു കൂടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

പാട്ടകൊട്ടിയും നിയന്ത്രിത അളവില്‍ കീടനാശിനി തളിച്ചുമാണ് കര്‍ഷകരുടെ പ്രതിരോധം. ലോക്ഡൗണ്‍ കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ കച്ച് ഉള്‍പ്പടെയുള്ള അതിര്‍ത്തി ജില്ലകളില്‍ വെട്ടുകിളി ആക്രമണമുണ്ടായെങ്കിലും  കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിരുന്നു.