Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ പേടിസ്വപ്നമായി വെട്ടുകിളികള്‍; മഹാരാഷ്ട്രയിലേക്കും യുപിയിലേക്കും പരക്കുന്നു, പഞ്ചാബില്‍ ജാഗ്രത

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും രൂക്ഷമായ വെട്ടുകളി ആക്രമണമാണ് ഉത്തരേന്ത്യയിലെയും മധ്യഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ നേരിടുന്നത്. 

Locust Spreads To Maharashtra, UP high alert in Punjab
Author
Delhi, First Published May 28, 2020, 9:41 AM IST

ദില്ലി: കൊവിഡ‍് പ്രതിസന്ധിക്കിടെ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വെട്ടുകിളിക്കൂട്ടം പരക്കുന്നു. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലും പരന്ന വെട്ടുകിളിക്കൂട്ടം ഇപ്പോള്‍ മഹാരാഷ്ട്രയിലേക്കും ഉത്തര്‍പ്രദേശിലേക്കും പഞ്ചാബിലേക്കും പരന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും രൂക്ഷമായ വെട്ടുകളി ആക്രമണമാണ് ഉത്തരേന്ത്യയിലെയും മധ്യഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ നേരിടുന്നത്. 

രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ 9 ജില്ലകളിലും ഗുജറാത്തിലെ രണ്ട് ജില്ലകളിലും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഓരേജില്ലകളിലുമായി  47000 ഹെക്ടറുകളെയാണ് വെട്ടുകിളിക്കൂട്ടം ആക്രമിച്ചിരിക്കുന്നതെന്നാണ് കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Locust Spreads To Maharashtra, UP high alert in Punjab

 ഇവയെ തുരത്താനായി പ്രത്യേക സ്പ്രെയിംഗ് മെഷീന്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. ഒപ്പം പ്രതികരണങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സംഭവം നിരീക്ഷിച്ച് വരുന്ന കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ സംസ്ഥാന കൃഷി മന്ത്രിമാരുമായി മൂന്ന് തവണ സംസാരിച്ചു കഴിഞ്ഞു. ആകാശ മാര്‍ഗ്ഗം കീടനാശിനി തളിക്കുന്നതിന് സര്‍ക്കാര്‍ ടെന്‍ററുകള്‍ ക്ഷണിച്ചിട്ടുണ്ട്. 

പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഭീഷണിയായ വെട്ടുകിളികള്‍ റാബി വിളകളെ ബാധിക്കില്ല. എന്നാല്‍ മണ്‍സൂണിന് മുമ്പ് കീടങ്ങളെ ഓടിച്ച് ഖാരിഫ് വിളകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എല്‍ഡബ്ല്യുഒ (ലോക്കസ്റ്റ് വാര്‍ണിംഗ് ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കി. 

കഴിഞ്ഞ നാല് ദിവസത്തിനിടെ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ കാറ്റോള്‍, പര്‍സ്യോണി എന്നിവിടങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. രംതേക് സിറ്റിയിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ഇവ എവിടേക്ക് പറക്കുമെന്ന് വ്യക്തമാക്കാനാകില്ലെന്നാണ് കൃഷി മന്ത്രാലയം അധികൃതര്‍ പറയുന്നത്. 

Locust Spreads To Maharashtra, UP high alert in Punjab

ഒരുമാസം മുമ്പ് പാക്കിസ്ഥാന്‍ വഴി രാജസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ വെട്ടുകിളികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഇവ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് രാജസ്ഥാനെയാണ്. രാജസ്ഥാന്‍ അതിര്‍ത്തി കടന്ന് മഥുര, ആഗ്ര, അലിഗഡ്, ബുലന്ത്ഷെഹര്‍ ജില്ലകളിലേക്ക് ഇപ്പോള്‍ നീങ്ങുകയാണ്. മധ്യപ്രദേശില്‍ നിന്ന് ഝാന്‍സി മേഖലയിലേക്ക് വെട്ടുകിളി നീങ്ങിത്തുടങ്ങിയതോടെ സമീപത്തെ പത്തു ജില്ലകള്‍ക്കു കൂടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

പാട്ടകൊട്ടിയും നിയന്ത്രിത അളവില്‍ കീടനാശിനി തളിച്ചുമാണ് കര്‍ഷകരുടെ പ്രതിരോധം. ലോക്ഡൗണ്‍ കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ കച്ച് ഉള്‍പ്പടെയുള്ള അതിര്‍ത്തി ജില്ലകളില്‍ വെട്ടുകിളി ആക്രമണമുണ്ടായെങ്കിലും  കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios