ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പത്തു വര്‍ഷം മോദി ചെയ്യാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാൻ കോണ്‍ഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാക്കാൻ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ എന്‍ഡിഎ സഖ്യത്തിലുള്ള ടിഡിപിയെ ഇന്ത്യാ സഖ്യത്തിലെത്തിച്ചുകൊണ്ട് ഭരണം പിടിച്ചടക്കാനുള്ള ശ്രമം ഊര്‍ജിതമാണ്. അതേസമയം, ടി‍ഡിപിയെ എന്‍ഡിഎയില്‍ തന്നെ നിലനിര്‍ത്താനും ഭരണതുടര്‍ച്ച ഉറപ്പാക്കാനും ബിജെപിയും കരുക്കള്‍ നീക്കുന്നുണ്ട്. പുതിയ സര്‍ക്കാരില്‍ ചന്ദ്രബാബു നായിഡു കിങ് മേക്കറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

എന്‍ഡിഎ സഖ്യത്തിലും നിതീഷ് കുമാറിന്‍റെ ജെഡിയുവിനെയും ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെയും പിടിച്ചുനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകവുമാണ്. ഇതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെ ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ആന്ധ്രാ പ്രദേശിന് കോണ്‍ഗ്രസിന്‍റെ ഗ്യാരണ്ടി എന്ന പേരിലാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് എക്സിലൂടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പത്തു വര്‍ഷം മോദി ചെയ്യാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാൻ കോണ്‍ഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് വ്യക്തമാക്കി.


2014 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന്‍ മോഹൻ സിങ് ആന്ധ്രാ പ്രദേശിന് അ‍ഞ്ചു വര്‍ഷത്തേക്ക് പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ അത് പത്തുവര്‍ഷമായി നീട്ടുകൊടുക്കുമെന്നാണ് ബിജെപി നേതാവ് വെങ്കയ്യ നായിഡു അന്ന് പറഞ്ഞിരുന്നത്. പിന്നീട് തിരുപ്പതിയില്‍ വെച്ച് നരേന്ദ്ര മോദിയും ഇതേ വാഗ്ദാനം നടത്തിയെന്നും ജയറാം രമേശ് കുറപ്പില്‍ വ്യക്തമാക്കി.

എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി മോദി സര്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും നടപ്പാക്കിയില്ലെന്നും സാമ്പത്തികമായി തകര്‍ന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തുകളയുകയായിരുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. 2024ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനമെന്നും ഇത് നടപ്പാക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ഭരണം ഉറപ്പിക്കാൻ നി‍ർണായക നീക്കവുമായി ബിജെപി; ചന്ദ്രബാബു നായിഡുവിന് വമ്പൻ വാഗ്ദാനം, ഫോണിൽ വിളിച്ച് മോദി

Lok Sabha Election Results: Axis My India's Pradeep Gupta Explains Exit Poll Failure | India Today