വോട്ടർമാരിലെ ഒരു വിഭാഗത്തെയാണ് സർവീസ് വോട്ടർമാർ എന്ന് വിളിക്കുന്നത്, ആരാണവർ
ദില്ലി: എല്ലാ തെരഞ്ഞെടുപ്പിലും കേള്‍ക്കുന്നതാണ് 'സർവീസ് വോട്ടർ' എന്ന വിശേഷണം. ആരാണ് സർവീസ് വോട്ടർമാർ എന്നും എങ്ങനെയാണ് ഇവരുടെ വോട്ടുകള്‍ രേഖപ്പെടുത്തുന്നത് എന്നും നോക്കാം.
വോട്ടർമാരിലെ ഒരു വിഭാഗത്തെയാണ് സർവീസ് വോട്ടർമാർ എന്ന് വിളിക്കുന്നത്. സേവന യോഗ്യതയുള്ള വോട്ടർ ആണ് സർവീസ് വോട്ടർ. അതായത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള സായുധ സേനകളിലെ അംഗങ്ങള്‍, ഒരു സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന സായുധ പൊലീസ് സേനയിലെ അംഗങ്ങൾ, ഇന്ത്യ സർക്കാരിന് കീഴില്‍ രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന വ്യക്തികള്‍ എന്നിവരെയൊക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സർവീസ് വോട്ടറായി കണക്കാക്കുന്നത്. സർവീസ് വോട്ടർമാർ പോസ്റ്റല്‍ ബാലറ്റിലൂടെയോ പ്രത്യേകം നിയോഗിച്ചിട്ടുള്ള പ്രോക്സി വോട്ടർ മുഖേനയോ ആണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പ്രോക്സി മാർഗത്തിലൂടെ വോട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന ഒരു വോട്ടറെ ക്ലാസിഫൈസ് സർവീസ് വോട്ടർമാർ എന്ന് വിശേഷിപ്പിക്കുന്നു.
Read more: കേരളം വേറെ ലെവല്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും
ജോലിക്കായി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെങ്കിലും സർവീസ് വോട്ടർമാർക്ക് സ്വന്തം നാട്ടിലെ മണ്ഡലത്തില്‍ വോട്ടറായി രജിസ്റ്റർ സാധിക്കും എന്നതാണ് പ്രധാന സവിശേഷത. അതേസമയം ജോലി ചെയ്യുന്ന സ്ഥലത്ത് ജനറല്‍ വോട്ടറായി രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. സർവീസ് വോട്ടർക്കൊപ്പം താമസിക്കുന്ന പങ്കാളിക്ക് സർവീസ് വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. നിലവിലുള്ള നിയമമനുസരിച്ച് ഈ സൗകര്യം പുരുഷ സർവീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ലഭ്യമാകൂ. വനിതാ സർവീസ് വോട്ടറുടെ ഭർത്താവിന് ലഭ്യമല്ല. മാത്രമല്ല, സർവീസ് വോട്ടറുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ സംവിധാനം വഴി വോട്ട് ചെയ്യാനാവില്ല.
സർവീസ് വോട്ടർമാർക്കായി https://www.eci.gov.in/service-voter-registration-portal എന്ന വെബ്സൈറ്റ് ഇലക്ഷന്‍ കമ്മീഷന്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ സർവീസ് വോട്ടർമാരായി രജിസ്റ്റർ ചെയ്യാന്‍ അപേക്ഷിക്കാനുള്ള ഫോമുകള്‍ ലഭ്യമാണ്.
