മധ്യപ്രദേശ് വൈദ്യുതി വകുപ്പിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറായ ശിവറാം സെമിലിന്റെ സ്ഥാപനങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തി. 33 വർഷത്തെ സർവീസിൽ ലഭിച്ച ശമ്പളത്തേക്കാൾ മൂന്നിരട്ടിയിലധികം സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ആസ്തികളും ബിനാമി പേരിലുള്ള ഫാക്ടറികളും കണ്ടെത്തി.
ഇൻഡോർ: മധ്യപ്രദേശ് വെസ്റ്റ് സോൺ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറായ ശിവറാം സെമിലിനെതിരെ ലോകായുക്ത പരിശോധന. 33 വർഷത്തെ സർവീസ് കാലയളവിൽ ലഭിച്ച ആകെ വരുമാനത്തേക്കാൾ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ചതായും അനധികൃത സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇദ്ദേഹത്തിൻ്റെ വീടുകളിലും ഉറ്റവരുടെ അടക്കം സ്ഥാപനങ്ങളിലുമാണ് റെയ്‌ഡ് നടന്നത്. ഇൻഡോർ, ധാർ, മൊറേന തുടങ്ങിയ നഗരങ്ങളിലെ ഒമ്പതോളം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ഒരേസമയം ലോകായുക്ത സംഘം പരിശോധന നടത്തിയത്. ഇൻഡോറിലെ ഡിസ്കോം ആസ്ഥാനത്ത് ജോലി ചെയ്യുന്ന സെമിലിനെതിരെ ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് 2018-ലെ അഴിമതി നിരോധന ഭേദഗതി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ശിവറാം സെമിലിന് 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഏകദേശം 2 കോടി രൂപയാണ് ശമ്പളമായി ലഭിച്ചിട്ടുള്ളത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഇയാളും ബന്ധുക്കളും ചേർന്ന് 7.16 കോടി രൂപയിലധികം ചെലവഴിച്ചതായി ലോകായുക്ത സംഘം കണ്ടെത്തി. ഇദ്ദേഹം ഔദ്യോഗികമായി വെളിപ്പെടുത്തിയ ആസ്തിയേക്കാൾ 258 ശതമാനത്തോളം അധികമാണ് ഇത്. റെയിഡിൽ ഇൻഡോറിലുള്ള 1.2 കോടി രൂപ വിലമതിക്കുന്ന മൂന്നുനില വീട്, ബിസിനസ് ഓഫീസുകൾ, ഇലക്ട്രിക് കാർ, മൊറേനയിലെ മറ്റൊരു രണ്ടുനില വീട് എന്നിവ കണ്ടെടുത്തു. കൂടാതെ ധാറിലെ പീതംപൂർ, ഉജ്ജൈനി ഇൻഡസ്ട്രിയൽ ഏരിയകളിൽ ട്രാൻസ്ഫോർമർ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളും നിർമ്മാണത്തിലിരിക്കുന്ന ഫാക്ടറികളും കണ്ടെത്തിയിട്ടുണ്ട്. ഇവ സെമിലിന്റെ മകൻ, മരുമകൾ, മരുമകൻ, അളിയൻ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൂടുതൽ വിലയിരുത്തി വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലോകായുക്ത പോലീസ് സൂപ്രണ്ട് രാജേഷ് സഹായ് അറിയിച്ചു.


