ആറ് വട്ടം അനന്ദ് കുമാര്‍ പ്രതിനിധീകരിച്ച ബെംഗലുരു സൗത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനിക്ക് സ്ഥാനാര്‍ത്ഥിയാകാൻ ബിഎസ് യെദ്യൂരപ്പ തന്നെ ചരട് വലിച്ചിട്ടും ഫലമുണ്ടായില്ല
ബെംഗലുരു: അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചു. പകരം 28 കാരനായ തേജസ്വി സൂര്യ ഈ സീറ്റിൽ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കര്‍ണ്ണാടക ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഈ യുവാവ്. ആറ് തവണ അനന്ത് കുമാര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സീറ്റിലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ ബിജെപി പരീക്ഷിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആധാറിന്റെ അമരക്കാരൻ നന്ദൻ നീലേക്കനിയെ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് അനന്ത് കുമാ ഈ സീറ്റിൽ പരാജയപ്പെടുത്തിയത്. 1996 മുതൽ 2018 നവംബറിൽ മരിക്കുന്നത് വരെ അനന്ത് കുമാർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
കര്‍ണ്ണാടകത്തിൽ ബിജെപി അദ്ധ്യക്ഷൻ യെദ്യൂരപ്പയാണ് അനന്ത് കുമാറിന്റെ ഭാര്യയെ ബെംഗലുരു സൗത്ത് സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്. എന്നാൽ തേജസ്വിനിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എതിര്‍പ്പും ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തേജസ്വി സൂര്യയുടെ പേര് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുമ്പാകെ എത്തിയത്. കൂടുതൽ പേര്‍ അനുകൂലിച്ചതോടെ തേജസ്വിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുകയും ചെയ്തു.
യുവമോര്‍ച്ച കര്‍ണ്ണാടക സംസ്ഥാന ജനറൽ സെക്രട്ടറിയായ തേജസ്വി സൂര്യ തീപ്പൊരി പ്രാസംഗികനാണെന്നതാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാൻ തുണയായത്. ബിജെപിയുടെ ദേശീയ സോഷ്യല്‍ മീഡിയ വിങിന്റെ ഭാഗവുമാണ് തേജസ്വി.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുവന്നതോടെ തന്റെ അമ്പരപ്പ് ഒട്ടും മറച്ചുവയ്ക്കാതെയാണ് തേജസ്വി ഇതിനോട് പ്രതികരിച്ചത്. 28 കാരനെ ഒരു ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കുകയെന്നത് ബിജെപിയിൽ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
പൊതുപ്രവര്‍ത്തന രംഗത്ത് തന്റെ ആദ്യത്തെ ഗുരുവെന്നാണ് അനന്ത് കുമാറിനെ തേജസ്വി വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിന് അനന്ദ് കുമാറിനോടുളള നന്ദിയും തേജസ്വി രേഖപ്പെടുത്തി.
അതേസമയം പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നില്‍ക്കുന്നുവെന്ന് അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി പ്രതികരിച്ചു. രാജ്യം ആദ്യം, പാര്‍ട്ടി രണ്ടാമത്, പിന്നെയാണ് ഞാൻ എന്നതായിരുന്നു അനന്ദ് കുമാറിന്റെ തത്വമെന്ന് പറഞ്ഞ അവര്‍, പാര്‍ട്ടി തീരുമാനത്തിൽ പ്രതിഷേധവുമായി തന്നെ കാണാനെത്തിയ നൂറ് കണക്കിന് പേരെ മടക്കി അയച്ചെന്നും പ്രതികരിച്ചു.
കോൺഗ്രസിന്റെ ബികെ ഹരിപ്രസാദാണ് മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി. 1996 ൽ അനന്ദ് കുമാറിനോട് ഇതേ മണ്ഡലത്തിൽ പരാജയപ്പെട്ട ഹരിപ്രസാദ്, കര്‍ണ്ണാടക കോൺഗ്രസിലെ പ്രധാന നേതാവാണ്.
