ദില്ലി: എംപിമാരായ ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ് എന്നിവരെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന് കോൺഗ്രസ്. തിങ്കളാഴ്ച സഭയിൽ ഹാജരാകാനാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പു നല്കി. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് എംപിമാർക്കെതിരെയുള്ള നടപടി.

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിക്കും കോൺഗ്രസ് അംഗങ്ങൾക്കും ഇടയിൽ വാക്കേറ്റമുണ്ടായത്. ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും തന്നോട് കൈചൂണ്ടി സംസാരിച്ചു എന്ന് സ്മൃതി ഇറാനി ആരോപിച്ചു. രണ്ടുപേരും ബഹളം വച്ച് മന്ത്രിക്കെതിരെ നീങ്ങിയപ്പോൾ സുപ്രിയ സുലെ ഉൾപ്പടെയുള്ള അംഗങ്ങൾ പിന്തിരിപ്പിക്കുകയായിരുന്നു. മാപ്പു പറയാൻ തയ്യാറല്ലെന്ന് എംപിമാർ വ്യക്തമാക്കിയിരുന്നു. 
ഈ സാഹചര്യത്തിലാണ് സ്പീക്കർക്ക് പരാതി നല്കിയ ബിജെപി രണ്ടു പേരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം തിങ്കളാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയത്. മന്തികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്പെൻഡ് ചെയ്യാൻ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയിൽ വ്യക്തമാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള സാഹചര്യത്തിൽ പാർലമെൻററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുന്ന പ്രമേയം പാസാകും. 

ശീതകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരേക്കാകും സസ്പെൻഷൻ. നീക്കം ചെറുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. എല്ലാം എംപിമാരോടും സഭയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് വിപ്പു നലകി. പൗരത്വ ബില്ലും തിങ്കളാഴ്ച അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട വിഷയത്തിലുണ്ടായ ബഹളത്തിൽ ടിഎൻപ്രതാപനേയും ഹൈബി ഈടനേയും ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. മാർഷൽമാർ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അന്ന് നല്കിയ പരാതിയിൽ തുടർനടപടിയുണ്ടായില്ല.