എല്ലാം എന്റെ കൺമുന്നിലാണ് സംഭവിച്ചത്. ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നിയെന്ന് വിശ്വാസ്

അഹ്മദാബാദ്: ഗുജറാത്തിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ ജീവനോടെ അവശേഷിച്ചത് ഒരാൾ മാത്രമാണ്. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് കുമാർ രമേശ് മാത്രമാണ് ദുരന്തത്തെ അതിജീവിച്ച് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം സുഖംപ്രാപിക്കുകയാണ്. ഇന്ന് പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസ് കുമാറുമായി ഏറെ നേരെ സംസാരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വിശ്വാസ് കുമാർ ദൂരദർശൻ പ്രതിനിധിയോടും ആശുപത്രിയിൽ വെച്ച് സംസാരിച്ചു. ജീവനോടെ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "എല്ലാം എന്റെ കൺമുന്നിലാണ് സംഭവിച്ചത്. ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി. ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല" - അദ്ദേഹം പറഞ്ഞു. വിമാനം പറന്നുയർന്ന് പത്ത് സെക്കന്റുകൾക്കകം തന്നെ തകർന്നുവീണുവെന്നും അദ്ദേഹം ആശുപത്രി കിടക്കയിൽ വെച്ച് പറഞ്ഞു.

"ആദ്യമൊരിക്കൽ വിമാനം നിശ്ചലമായത് പോലെ തോന്നി. പിന്നീട് ലൈറ്റുകൾ ഓണായി. പിന്നീട് വിമാനം മുന്നോട്ട് നീങ്ങുകയും അൽപം കഴിഞ്ഞ് തകർന്നുവീഴുകയുമായിരുന്നു -വിശ്വാസ് കുമാർ രമേശ് പറഞ്ഞു. വിമാനം കെട്ടിടത്തിന് മുകളിലേക്ക് പതിച്ചപ്പോൾ രമേശ് ഇരുന്ന സ്ഥലം ഭാഗം ഒരു തുറന്ന സ്ഥലത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഇരുന്ന സ്ഥലത്ത് നിരന്ന പ്രതലമാണ് കണ്ടത്. അടുത്തുള്ള ഡോർ തകർന്നതും പുറത്ത് നിരപ്പുള്ള സ്ഥലം കണ്ടു. അപ്പോൾ തന്നെ തകർന്ന ഡോറിലൂടെ രക്ഷപ്പെടുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറുവശത്ത് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ഭാഗത്തു നിന്ന് ആർക്കും പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം ഓ‍ർത്തെടുക്കുന്നു.

വിശ്വാസ് കുമാറിന്റെ ഇടത് കൈയിൽ പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ വലിയ പരിക്കുകളൊന്നുമില്ല. ദാമൻ ആൻ ദിയു ദ്വീപിൽ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയ 40 വയസ്സുകാരൻ വിശ്വാസ് കുമാർ രമേശും കുടുംബവും 20വർഷമായി ബ്രിട്ടനിലാണ്. നാട്ടിലെത്തി തിരികെ സഹോദരൻ അജയ് കുമാർ രമേശിനൊപ്പം ലണ്ടനിലേക്കുള്ള മടക്കയാത്രയായിരുന്നു. തിരക്കായത് കൊണ്ടും അവസാനസമയത്തെ ബുക്കിംഗ് ആയതിനാലും സഹോദരനൊപ്പം ഒരുമിച്ച് സീറ്റ് കിട്ടിയില്ല. 11 എ വിൻഡോ സീറ്റിൽ വിശ്വാസ് ഇരുന്നപ്പോൾ മറ്റൊരു സീറ്റിലായിരുന്നു അജയ് കുമാർ.

വിമാനം തകർന്നുവീണ അവശിഷ്ടങ്ങളിൽ നിന്ന് പുറത്ത് വന്ന ഏക മനുഷ്യജീവനെ ഞൊടിയിടയിൽ രക്ഷാപ്രവർത്തകർ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തിച്ചു. നെഞ്ചിലും,കണ്ണിലും കാൽപാദത്തിലുമുള്ള പരിക്ക് ഭേദമായി വരുന്നു. ആശുപത്രി കിടക്കയിൽ വെച്ച് തന്റെ സഹോദരനെ അന്വേഷിച്ച വിശ്വാസിനോട് എന്ത് പറയണമെന്നറിയാതെ ചുറ്റുമുള്ളവർ കുഴങ്ങി.