പാറ്റ്ന: തര്‍ക്ക ഭൂമിയില്‍ ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ചതിനെ ചൊല്ലി രണ്ട് വിഭാഗം വിശ്വാസികള്‍ തമ്മില്‍ സംഘട്ടനം. ബിഹാറിലെ വൈശാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഒടുവില്‍ താത്കാലിക പ്രശ്ന പരിഹാരത്തിനായി ഹനുമാന്‍ വിഗ്രഹം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ ആഴ്ച ആദ്യം പാണപുര്‍ ഗൗരാഹി വില്ലേജിലുളള തര്‍ക്ക ഭൂമിയില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരാണ് ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ചത്. ഇന്നലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിശ്വാസികള്‍ തര്‍ക്കഭൂമിയില്‍ വിഗ്രഹം സ്ഥാപിച്ചതിനെ രംഗത്ത് വന്നതായി പൊലീസ് പറഞ്ഞു. ഇതോടെയാണ്  സര്‍ദാര്‍ പൊലീസ് വിഗ്രഹം കസ്റ്റഡിയിലെടുത്തത്.

സുപ്രീംകോടതി പൊതുസ്ഥലത്ത് വിഗ്രഹമോ ക്ഷേത്രമോ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം കോടതിയില്‍ പരിഹരിക്കും വരെ വിഗ്രഹം പൊലീസ് സൂക്ഷിക്കും. രണ്ട് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സര്‍ദാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രോഹന്‍ കുമാര്‍ പറഞ്ഞു.