ദില്ലി: കോളജ് രാഷ്ട്രീയത്തില്‍ എതിര്‍ ചേരിക്കാരായിരുന്നു സുഷമ സ്വരാജും ഭര്‍ത്താവ് സ്വരാജ് കൗശലും. ആര്‍എസ്എസിനോടും ഹിന്ദുത്വ രാഷ്ട്രീയത്തോടും ആഭിമുഖ്യം പുലര്‍ത്തിയ സുഷമ, കോളേജില്‍ എബിവിപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. അതേസമയം, സോഷ്യലിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായ സ്വരാജ് കൗശല്‍, ജയപ്രകാശ് നാരായണന്‍റെയും ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെയും ആരാധകനായിരുന്നു.

ദില്ലിയില്‍ നിയമ പഠന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വിരുദ്ധ ആശയക്കാരായിരുന്നെങ്കിലും സൗഹൃദം പ്രണയത്തിന് വഴിമാറി. അടിയന്തരാവസ്ഥ കൊടുമ്പിരി കൊണ്ട സമയത്താണ് ഇരുവരുടെയും പ്രണയവും പൂക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെയുള്ള കേസുകളില്‍ നിയമ സഹായം നല്‍കിയത് സ്വരാജിന്‍റെയും സുഷമയുടെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു. 

ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും മുന്നോട്ടുപോകാനായിരുന്നു തീരുമാനം. അങ്ങനെ, 1975 ജൂലായ് 13ന് വിവാഹിതരായി. പിന്നീട് പേരിന് പിന്നില്‍ സുഷമ ഭര്‍ത്താവിന്‍റെ പേരും ചേര്‍ത്തു. സുഷമ സ്വരാജ് രാഷ്ട്രീയത്തില്‍ കത്തിക്കയറുമ്പോഴും സ്വരാജ് മിതഭാഷിയായിരുന്നു. വിവാദങ്ങളില്‍ നിന്നകന്ന് ജീവിച്ചു. തന്‍റെ പ്രഫഷനായ അഭിഭാഷക വൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

സുഷമ സ്വരാജ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത് സ്വരാജ് കൗശലിനെ ഏറെ സന്തോഷവാനാക്കിയിരുന്നു. 'തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനമെടുത്തതിന് ഒരുപാട് നന്ദി. മില്‍ഖ സിംഗ് ഓട്ടം നിര്‍ത്തുകയാണെന്ന പ്രഖ്യാപനം നടത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു'.-സുഷമ സ്വരാജ് മത്സരിക്കുന്നില്ലെന്നറിഞ്ഞ ശേഷമുള്ള സ്വരാജ് കൗശലിന്‍റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭര്‍ത്താവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സുഷമയും വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ ബാന്‍സുരി സ്വരാജാണ് ഏകമകള്‍. 44ാം വിവാഹ വാര്‍ഷിക ആഘോഷിച്ച് ഒരുമാസം തികയും മുമ്പേയാണ് സ്വരാജിനെ ഏകനാക്കി സുഷമ ലോകത്തോട് വിടപറഞ്ഞത്.