ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശർമ്മ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശർമ്മ മരിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെക്കും മറ്റുള്ളവർക്കുമെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. മകനെ ശ്രദ്ധ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ശിവയുടെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു. ലഖ്‌നൗവിലെ ഹസ്‌രത്‌ഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ശ്രദ്ധ ദുബെ ഫോണിൽ വിളിച്ച് ശിവ ബാൽക്കണിയിൽ നിന്ന് വീണതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അമ്മയെ അറിയിക്കുകയായിരുന്നു.
ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിയ അമ്മ, ഡ്രൈവറായ ഡാനിഷിനോട് കാര്യങ്ങൾ ചോദിച്ചെങ്കിലും തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് അയാൾ മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ ശിവയുടെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസമായി ശിവയുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി ശ്രദ്ധ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവെന്ന് യുവാവിന്‍റെ അമ്മ ആരോപിച്ചു. മുൻപും ശിവയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ കണ്ടിരുന്നു.
ശിവയുടെ വാരിയെല്ലുകൾ, തോൾ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുണ്ടായിരുന്നു. താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും കണ്ണിൽ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരികയും ചെയ്തിരുന്നു. വീഴ്ചയ്ക്ക് മുൻപ് മകനെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നാണ് അമ്മയുടെ ആരോപണം. ശ്രദ്ധ ദുബെ, സഹോദരി രശ്മി ദുബെ, ഡ്രൈവർ ഡാനിഷ്, ആദിൽ എന്നയാൾ, മറ്റ് കണ്ടാലറിയാവുന്ന ചിലർ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.



