റൈഹാൻ വാദ്രയുടെ ഫോട്ടോകൾ ബിക്കാനീർ ഹൗസിൽ നിന്ന് നീക്കിയ സംഭവത്തിൽ പുതിയ ആരോപണവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി

ദില്ലി: റൈഹാൻ വാദ്രയുടെ ഫോട്ടോകൾ ബിക്കാനീർ ഹൗസിൽ നിന്ന് നീക്കിയ സംഭവത്തിൽ പുതിയ ആരോപണവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. റൈഹാൻ അനുമതി തേടിയത് രാഷ്ട്രീയ ഉള്ളടക്കങ്ങളില്ലാത്ത പ്രദർശനത്തിനായിരുന്നെന്നും പ്രകൃതിയും വന്യജീവികളും ഉൾപ്പെട്ട ഫോട്ടോ പ്രദർശനത്തിനാണ് അനുമതി ലഭിച്ചിരുന്നതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. ബിക്കാനീർ ഹൗസിന്‍റെ നയങ്ങൾ അറിഞ്ഞിട്ടും കുടുംബത്തിന്‍റെ സമ്മർദത്തെത്തുടർന്നാണ് രാഷ്ട്രീയ ചിത്രങ്ങൾ ഉൾപ്പെടുത്തിയതെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

കൂടാതെ, വിവാദത്തിലൂടെ മകനെ രാഷ്ട്രീയമായി അവതരിപ്പിക്കാനാണ് പ്രിയങ്ക ഗാന്ധി ശ്രമിച്ചതെന്നും രാഹുൽ ഗാന്ധിയിലുള്ള രാഷ്ട്രീയ വിശ്വാസം പ്രിയങ്കയ്ക്ക് നഷ്ടമായെന്നും കോൺഗ്രസിനുള്ളിൽ പ്രിയങ്ക–രാഹുൽ പോരാട്ടമാണ് നടക്കുന്നത് അതിന്‍റെ ഭാഗമായിട്ടാണ് മകനെ ഇറക്കിയതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഒപ്പം പ്രദർശനത്തിന് അനുമതി ലഭിച്ചതിന്‍റെ വിശദാംശങ്ങളും പ്രദീപ് പുറത്തുവിട്ടു.

ദില്ലി ബിക്കാനീർ ഹൗസിൽ റൈഹാൻ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ചിത്ര പ്രദർശനമാണ് വിവാദമായത്. 105 ചിത്രങ്ങളാണ് പ്രദർശനത്തിനു തയ്യാറാക്കിയത്. അതിൽ 74 എണ്ണം നീക്കി. യുവജന പ്രക്ഷോഭങ്ങൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെട്ട സമരങ്ങളിൽ പകർത്തിയ ചിത്രങ്ങളാണ് നീക്കിയതിലേറെയും. പ്രദശനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പു മാത്രമാണ് ചിത്രം നീക്കിയത് അറിയിച്ചതെന്നാണ് റെയ്ഹാൻ പറയുന്നത്. ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങളാണ് നീക്കിയതെന്നും റെയ്ഹാൻ ആരോപിച്ചു.

YouTube video player