മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുയര്‍ന്ന എംഎഫ് ഹുസൈന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ദില്ലി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി.
ദില്ലി: മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുയര്‍ന്ന എംഎഫ് ഹുസൈന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ദില്ലി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി. പരാതി ഉയർന്ന രണ്ട് ചിത്രങ്ങൾ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മാറ്റിയെന്ന് പൊലീസ് റിപ്പോര്ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കണമെന്ന ഹർജി കോടതി തള്ളിയത്.
ജൻപഥ് റോഡിലെ ദില്ലി ആർട്ട് ഗാലറിയിൽ കഴിഞ്ഞ മാസം എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു. ഇതിൽ ഉൾപ്പെട്ട രണ്ട് ചിത്രങ്ങൾക്കെതിരെയാണ് പരാതി എത്തിയത്. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകയായ അമിത സച്ദേവയാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളായ ഹനുമാന്റെയും ഗണപതിയുടെയും ചിത്രങ്ങളെ കുറിച്ചാണ് പരാതി ഉയർന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഗാലറിയിലെത്തി പരിശോധന നടത്തിയെങ്കിലും ചിത്രങ്ങൾ കണ്ടെത്തിയില്ല. പിന്നാലെ ഡിസംബർ 12നു പരാതിക്കാരി പട്യാല ഹൗസ് കോടതിയെ സമീപിച്ചു.കോടതി നിർദ്ദേശപ്രകാരം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും പിടിച്ചെടുത്തു ഇവിടെ നിന്ന് മാറ്റിയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതെതുടർന്നാണ് മറ്റ് നടപടികൾ വേണ്ടെന്ന് കോടതി അറിയിച്ചത്.
തുടർന്ന് കേസ് എടുക്കണമെന്ന ഹർജി കോടതി തള്ളി. പ്രദർശനം കാണാൻ അയ്യായിരത്തിനു മുകളിൽ ആളുകൾ എത്തിയെന്നും ഇവരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ പരാതി നൽകിയതെന്നുമാണ് ആർട്ട് ഗാലറിയുടെ പ്രതികരണം. എംഎഫ് ഹുസൈൻ വരച്ച ചിത്രങ്ങൾ നേരത്തെയും വിവാദമായിട്ടുണ്ട്. 2006ൽ വരച്ച സരസ്വതി ദേവിയുടെ ചിത്രം വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു.

