ദില്ലി: വിചിത്രമായ ചോദ്യങ്ങളുള്‍ക്കൊള്ളിച്ചുള്ള പരീക്ഷാ ചോദ്യപ്പേപ്പറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രംഗത്ത്. ചോദ്യപ്പേപ്പര്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം സൂചിപ്പിച്ചത്. 

കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് കുട്ടികള്‍ക്കുള്ള ചോദ്യപ്പേപ്പറാണെന്ന് സൂചിപ്പിച്ചാണ് സ്റ്റാലിന്റെ ട്വീറ്റ്. ചോദ്യപ്പേപ്പറിന്റെ ചിത്രവും സ്റ്റാലിന്‍ പങ്കുവച്ചിട്ടുണ്ട്. ഡോ. ബി ആര്‍ അംബേദ്കറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് വര്‍ഗീയത നിറഞ്ഞുനില്‍ക്കുന്ന മറ്റ് ചോദ്യങ്ങള്‍ വന്നിരിക്കുന്നത്. 

ദളിത് എന്നാലെന്ത് എന്നാണ് ഒരു ചോദ്യം. ഉത്തരം ചോദ്യപ്പേപ്പറില്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം. വിദേശികള്‍, അയിത്തമുള്ളവര്‍, മധ്യവര്‍ഗം, ഉപരിവര്‍ഗം എന്നിങ്ങനെയാണ് ഓപ്ഷനുകള്‍. ഇതിന് പിന്നാലെ മുസ്ലീം സമുദായത്തെ സംബന്ധിക്കുന്ന ചോദ്യവുമുണ്ട്.

എന്താണ് മുസ്ലിങ്ങളുടെ പൊതുസ്വഭാവം എന്ന അര്‍ത്ഥത്തിലാണ് ചോദ്യം. പെണ്‍മക്കളെ സ്‌കൂളില്‍ വിടില്ല എന്നതാണ് ഇതിന് നല്‍കിയിരിക്കുന്ന ഒരുത്തരം. 

കൃത്യമായ ജാതിയും വര്‍ഗീയതയുമാണ് ചോദ്യപ്പേപ്പറിലുള്ളതെന്നും ഇത്തരം പ്രവണതകള്‍ ഞെട്ടിക്കുന്നതാണെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയവരെ കണ്ടെത്തുകയും നിയമപരമായി അവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെടുന്നു.