രാഷ്ട്രീയ പാർട്ടികൾക്ക് മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക കൈമാറാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് നൽകിയ ഉത്തരവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: രാഷ്ട്രീയ പാർട്ടികൾക്ക് മെഷീൻ റീഡബിൾ ഡിജിറ്റൽ വോട്ടർ പട്ടിക കൈമാറാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് നൽകിയ ഉത്തരവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർമാരുടെ ചിത്രങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങളാകും ഡിജിറ്റൽ പട്ടികയിൽ കൈമാറുക. നേരത്തെ വിവരങ്ങൾ എളുപ്പത്തിൽ തിരയാൻ കഴിയാത്ത ഫോർമാറ്റിലാണ് പട്ടിക നൽകിയിരുന്നത്. പുതിയ ഡിജിറ്റൽ പട്ടികയിൽ വിവരങ്ങൾ എളുപ്പത്തിൽ തിരഞ്ഞ് കണ്ടെത്താനാകും.

രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഉയർത്തിയിരുന്നു. വാർഷിക പുതുക്കൽ നടപടിക്കായി കരട് തയ്യാറാക്കുന്ന സമയത്ത് തന്നെ ഇനി പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അക്ഷരമാല ക്രമത്തിൽ പേരുകൾ നിരത്തിയുള്ള വോട്ടർപട്ടികയുടെ റീഡബിൾ സോഫ്റ്റ് കോപ്പി കൈമാറും. ഓരോ ആഴ്ചയിലും പട്ടികയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി. എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലാണ് വാർഷിക വോട്ടർ പട്ടിക പുതുക്കലിന് നടപടി തുടങ്ങിയത്. എസ്ഐആറിന് മുമ്പുള്ള ഫോം 6 ആയിരിക്കും ഇതിന് ഉപയോഗിക്കുക. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില്‍ ഉൾപ്പെടുന്നു.