ജയ്പൂർ: രാജ്യസഭാംഗവും രാജസ്ഥാൻ ബിജെപി അധ്യക്ഷനുമായ മദൻ ലാൽ സെയ്നി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ദില്ലി എയിംസിൽ വച്ചായിരുന്നു മരണം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മദൻ ലാൽ സെയ്നിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ദില്ലി എയിംസിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഒരു വർഷം മുമ്പാണ് മദൻ ലാൽ സെയ്നി രാജസ്ഥാൻ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. നിയമസഭാംഗമായിരുന്ന മദൻ ലാൽ സെയ്നി കിസാൻ മോർച്ച നേതാവായിരുന്നു. സെയ്നിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അനുശോചിച്ചു. നികത്താനാവാത്ത നഷ്ടമാണ് സെയ്നിയുടെ മരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.