സൂദര്‍ശൻ ചക്ര മാത്രമല്ല, ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആകാശും; പാക് ഡ്രോണുകളും മിസൈലുകളും ചാരമാക്കിവരിൽ മുന്നിൽ തന്നെ
ദില്ലി: വ്യാഴാഴ്ച നടന്ന പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈൽ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങൾ വിശദീകരിക്കുന്നു. മെയ് 8, 9 തീയതികളിലെ ഇടവേളയിൽ, പാകിസ്ഥാൻ നടത്തിയ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയിൽ ആകാശ് സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
'ഇന്ത്യയിൽ നിർമ്മിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം, പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാൻ ഫലപ്രദമായി ഉപയോഗിച്ചു. ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയിൽ ഈ മിസൈൽ സംവിധാനം വിന്യസിച്ചിട്ടുണ്ട്', പ്രതിരോധ വൃത്തങ്ങൾ വിശദീകരിച്ചു. ആകാശ് മിസൈൽ പ്രതിരോധ സംവിധാനം, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈൽ സംവിധാനമാണ്.
ഇത് ഒരേസമയം ഒന്നിലധികം വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഈ സംവിധാനത്തിന് നൂതനമായ സംവിധാനങ്ങളും ക്രോസ് കൺട്രി മൊബിലിറ്റിയും ഉണ്ട്.റിയൽ ടൈം മൾട്ടി സെൻസർ ഡാറ്റ പ്രോസസ്സിംഗും ഭീഷണി വിലയിരുത്തലും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാൻ സഹായിക്കുന്നു. മുഴുവൻ സംവിധാനവും വഴക്കമുള്ളതും അപ്‌സ്കെയിൽ ചെയ്യാവുന്നതുമാണ് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും.
കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ സായുധ സേന പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും നിരവധി വെടിനിർത്തൽ ലംഘനങ്ങൾ നടത്തി. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടന്ന കൗണ്ടർ ഡ്രോൺ ഓപ്പറേഷനിൽ 50-ലധികം പാകിസ്ഥാൻ ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു.
മെയ് 7-8 രാത്രിയിൽ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള വിവിധ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങളെ ഇന്ത്യൻ സായുധ സേന വിജയകരമായി ചെറുത്തു, പ്രത്യാക്രമണത്തിന്റെ ഭാഗമായി പാകിസ്ഥാന്റെ ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ നിർവീര്യമാക്കിയിരുന്നു.


