ഇന്നലെ രാത്രി വൈകിയും വ്യാഴാഴ്ച പുലർച്ചെയുമായി പാകിസ്ഥാൻ ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി
ദില്ലി: വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ പൂര്‍ണമായും ചെറുത്ത് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം. എന്നാൽ ഈ ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചതായി ഇന്ത്യ ഔദ്യോഗികകമായി സ്ഥിരീകരിച്ചു. ഇതിന് പുറമെ പാകിസ്ഥാനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന മിസൈൽ പ്രതിരോരോധ സംവിധാനം ഉൾപ്പെടെ നിരവധി പാക് പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സായുധ സേന ആക്രമിച്ച് നിര്‍വീര്യമാക്കിയതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ നൽകുന്ന വിവരം അനുസരിച്ച്, ഇന്നലെ രാത്രി വൈകിയും വ്യാഴാഴ്ച പുലർച്ചെയുമായി പാകിസ്ഥാൻ ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി. ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഡ് എന്നിവയും ആക്രമണത്തിൽ ലക്ഷ്യംവച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ ശൃംഖല ആക്രമണം പരാജയപ്പെടുത്തി.
ഇതിനു മറുപടിയായാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ ഇന്ത്യൻ സായുധസേന പാകിസ്ഥാനിലെ നിരവധി ഇടങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി. പാക് ആക്രമണത്തിന് ആനുപാതികമായ ആക്രമണമെന്നാണ് ഇന്ത്യയുടെ പ്രതികരണം. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം പൂര്‍ണമായു നിർവീര്യമാക്കിയതായി സ്ഥിരീകരിച്ചതായും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം പാകിസ്ഥാൻ തുടരുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മരണം 16 ആയി. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാർ, രജൗരി സെക്ടറുകളിലെ സാധാരണ പ്രദേശങ്ങളെ ലക്ഷ്യമിട്ട് മോർട്ടാറുകളും ഹെവി പീരങ്കികളും പാകിസ്ഥാൻ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.


