ദില്ലി: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍  മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിച്ചു.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് മുന്‍മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റേതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനുവേണ്ടി അഭിഷേക് മനു സിംഗ്വി ഹാജരാകുമെന്നറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തിയില്ല. 

ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും, സ്വതന്ത്രരാണെന്നും വ്യക്തമാക്കിയാണ്  വിമത എംഎല്‍എമാര്‍ രംഗത്തെത്തിയത്.  രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബംഗലുരുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ 16 എംഎല്‍എമാര്‍ ആരോപിച്ചു.

Read Also: മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പില്ല, കൊവിഡ് ഭീതിയിൽ നിയമസഭാ സമ്മേളനം നീട്ടിവച്ചു

ഇതിനിടെ,  ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി മുഖ്യമന്ത്രി കമല്‍നാഥുമായി ഭോപ്പാലില്‍ കൂടിക്കാഴ്ച നടത്തി പിന്തുണയറിയച്ചതായാണ് വിവരം. അതേ സമയം വിമത എംഎല്‍എമാരെ തിരികെയത്തിക്കാതെ വിശ്വാസ വോട്ടെടുപ്പില്ലെന്ന്, ഗവര്‍ണ്ണറുടെ അന്ത്യശാസനത്തിന് കമല്‍നാഥ്  മറുപടി നല്‍കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക