ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം സ്പീക്കൽ തള്ളി. നിയമസഭാ സമ്മേളനം ഈ മാസം 26 വരെ നീട്ടി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നീട്ടിയത്. സമ്മേളനം പുനരാരംഭിക്കുമ്പോൾ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ. ഇന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് സഭാ സമ്മേളനം നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കോൺഗ്രസ് പാർട്ടി വിട്ടതിനെ തുടർന്നാണ് മധ്യപ്രദേശിൽ പ്രതിസന്ധി ഉടലെടുത്തത്. ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. ബിജെപി എംഎൽഎമാർ എല്ലാവരും സമ്മേളനത്തിനെത്തി. എന്നാൽ കോൺഗ്രസിന്റെ വിമത എംഎൽഎമാർ ഒഴികെയുള്ളവരാണ് എത്തിയത്. വിമതർ ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ കഴിയുകയാണ്.

എംഎൽഎമാരെ തിരികെയെത്തിക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ് ഗവർണ്ണറെ അറിയിച്ചു. വിമത എംഎൽഎമാരില്ലാതെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് ജനാധിപത്യപരമല്ലെന്ന് ഗവർണ്ണർക്കയച്ച കത്തിൽ കമൽനാഥ് എടുത്തുപറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ എംഎൽഎമാർ ഭരണഘടന അനുസരിക്കണമെന്ന് ഗവർണ്ണർ ആവശ്യപ്പെട്ടു. സർക്കാർ നിയമം അനുസരിക്കാൻ ബാധ്യസ്ഥമെന്നും മധ്യപ്രദേശ് ഗവർണ്ണർ ലാൽജി ടണ്ടൺ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ ഗവർണ്ണർ സഭ വിട്ടു.

എന്നാൽ ഈ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറെ ഉപയോഗിച്ച് കോൺഗ്രസ് ഭരണഘടന അട്ടിമറിക്കുന്നുവെന്നാണ് ബിജെപിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക