ഭോപ്പാല്‍: ആയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍ നാഥ് രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് കമല്‍നാഥിന്‍റെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പിന്തുണ.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ രാജ്യത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കുകയായിരുന്നു ഇതിന്‍റെ നിര്‍മ്മാണം. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് ഇതിന്‍റെ നിര്‍മ്മാണം നടക്കുക, ഇത് ഇന്ത്യയില്‍ മാത്രമേ സാധ്യമാകൂ. രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ- കമല്‍ നാഥ് സന്ദേശത്തില്‍ പറഞ്ഞു.

ഓഗസ്റ്റ് 5-നാണ് അയോധ്യയിൽ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങ് നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ 50 വിഐപികളോടൊപ്പം പങ്കെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. 

കഴിഞ്ഞ ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു.