ഭോപ്പാൽ: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകാതെ വ്യാപാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഖണ്ട്വ ടൗണിലാണ് സംഭവം. 31കാരനായ ആശിഷ് ദബാറിനെയാണ് സ്വന്തം ഗോഡൗണിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാപാരത്തിനായി നിരവധി ആളുകളിൽ നിന്ന് ആശിഷ് പണം വായ്പ എടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് വായ്പ തുക സമയത്തിന് തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാപാരത്തിലെ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലമുണ്ടായ മനോവിഷമമാണ് യുവാവിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആശിഷിന്‍റെ മൃതേദഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യാപരത്തിനായി വായ്പയെടുത്ത പണം തിരികെ നൽകാൻ കഴിയാത്തത് മൂലമാണ് ജീവനൊടുക്കിയതെന്നാണ് ഇതിൽ എഴുതിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം 47കാരനായ ഒരു വ്യാപാരിയും ഇക്കഴിഞ്ഞ ഞായറാഴ്ച പ്രദേശത്ത് ജീവനൊടുക്കിയിരുന്നു.