ദില്ലി: മധ്യപ്രദേശിൽ ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണച്ച 22 കോൺഗ്രസ് വിമത എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിലെത്തിയാണ് എംഎൽഎമാർ ബിജെപി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞയാഴ്ചയാണ് ജ്യോതിരാദിത്യസിന്ധ്യ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ 22 എംഎൽഎമാരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. തുടർന്ന് മധ്യപ്രദേശിലെ കോൺഗ്രസ് ഭരണം താളം തെറ്റി. വിശ്വാസവോട്ടെടുപ്പ് നടത്താതെ ഭരണം പിടിച്ചു നിർത്താൻ ശ്രമിച്ച കോൺഗ്രസിനെ വെട്ടിലാക്കി ബിജെപി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടപടികൾ പൂർത്തിയായിരിക്കണമെന്ന് കോടതി അന്ത്യശാസനവും നൽകി. എന്നാൽ, വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. ഇതോടെയാണ് കൃത്യമായ കരുനീക്കങ്ങൾക്കൊടുവിൽ മധ്യപ്രദേശ് ബിജെപിയുടെ കൈകളിലേക്കൊതുങ്ങാനൊരുങ്ങുന്നത്.

വിമത എംഎൽഎമാരിൽ 6 പേരുടെ രാജി സ്പീക്കർ അംഗീകരിച്ചിരുന്നു. മറ്റുള്ളവരുടെ രാജി അംഗീകരിക്കാതെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവച്ച് തന്ത്രങ്ങൾ പയറ്റാനായിരുന്നു കോൺഗ്രസിന്റെ ശ്രമം. എന്നാൽ, സുപ്രീംകോടതിയുടെ ഇടപെടലോടെ ആ പ്രതീക്ഷയും ഇല്ലാതാകുകയായിരുന്നു. 22 എംഎൽഎമാർ കൂറുമാറിയ സാഹചര്യത്തിൽ 206 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണയാണ് വേണ്ടത്. 107 സീറ്റുകളാണ് ഇവിടെ ബിജെപിക്കുള്ളത്. 

Read Also: വിശ്വാസവോട്ടിന് കമല്‍നാഥ് ഇല്ല; രാജി വയ്ക്കാന്‍ തീരുമാനം