ദില്ലി: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ്  ഉടന്‍ നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവച്ച മുഴുവന്‍ എംഎല്‍എമാരും വെള്ളിയാഴ്ച തനിക്ക് മുന്നില്‍ ഹാജരാകണമെന്ന് സ്പീക്കറുടെ നിര്‍ദ്ദേശമുണ്ട്. അതേസമയം, വിമതരുമായി ചര്‍ച്ചക്ക് പോയ രണ്ട് മന്ത്രിമാരെ ബംഗളൂരുവില്‍ ബിജെപി  കൈയേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ബജറ്റ് സമ്മേളനത്തിനായി തിങ്കളാഴ്ച സഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യം ഉന്നയിക്കാനാണ് ബിജെപിയുടെ തീരുമാനം. രാജിവച്ച  22 കോണ്‍ഗ്രസ് എംഎല്‍എമാരും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമെന്ന് വ്യക്തമാക്കിയതോടെ ബിജെപി ആത്മവിശ്വാസത്തിലാണ്. സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോടും ഗവര്‍ണ്ണറോടും ആവശ്യപ്പെടുമെന്നും നരോത്തം മിശ്ര എംഎല്‍എ വ്യക്തമാക്കി. അതേ സമയം എംഎല്‍എമാരുടെ രാജി സ്പീക്കര്‍ ഇനിയും
സ്വീകരിച്ചിട്ടില്ല.

വിമതരുടെ രാജി സ്വീകരിക്കരുതെന്നും, നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കണമെന്നും കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവില്‍ എംഎല്‍എമാര്‍ തടവിലാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി ബംഗളൂരുവിലെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മന്ത്രിമാരായ ജിത്തു പട്വാരിയേയും, ലഖന്‍സിംഗിനേയും ഒരു സംഘം കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുന്നോടിയായി ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും അമിതാഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.  പിന്നീട്
ഭോപ്പാലിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് ബിജെപി സ്വീകരണം നല്‍കി. സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Read Also: മധ്യപ്രദേശിലെ വിമത എംഎല്‍എമാരില്‍ ഏറിയ പങ്കും തിരികെയെത്തും; ഡി കെ ശിവകുമാര്‍

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക