ചെന്നൈ: പ്രമേഹ രോഗമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്‍സുലിനുമായി പൊതുപരീക്ഷയ്ക്കെത്തുന്നത് അനുവദിക്കുമോയെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് മദ്രാസ് ഹൈക്കോടതി. മരുന്നുകള്‍ വേണ്ട സമയത്ത് ലഭിക്കാത്തത് മൂലം പരീക്ഷാ ഹാളില്‍ കഷ്ട്ടപ്പെടുന്ന കുട്ടികളുണ്ട്. പരീക്ഷാ ഹാളില്‍ ഇന്‍സുലിന്‍, മരുന്നുകള്‍ എന്നിവ രോഗികളായ കുട്ടികള്‍ക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ഉണ്ടാവേണ്ടത് പ്രധാനമാണ്.  

ടൈപ്പ് വണ്‍ പ്രമേഹരോഗികളായ  വിദ്യാര്‍ത്ഥികള്‍ക്ക് മരുന്നുകളും പഴങ്ങളുമായി പരീക്ഷക്കെത്താന്‍ അനുമതി  നല്‍കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറി സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയിലുണ്ട്. ഏപ്രില്‍ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കും. 

ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പരിഗണന പ്രമേഹ രോഗമുള്ള കുട്ടികള്‍ക്കും നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ മരുന്ന് കരുതേണ്ട പ്രാധാന്യത്തെക്കുറിച്ച് കോടതിയില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.