മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ ശക്തിവെൽ ആണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിനിടെ, ബാലാജിയുടെ പിഎ ഗോപാൽ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീൽ ചെയ്തു.

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ ശക്തിവെൽ ആണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിനിടെ, ബാലാജിയുടെ പിഎ ഗോപാൽ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീൽ ചെയ്തു.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ തമിഴ്‌നാട് സെക്രട്ടറിയറ്റിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്. അതേസമയം, ഇഡിയുടെ നടപടിക്ക് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. 

Also Read: സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; ബൈപാസ് വേണമെന്ന് ഡോക്ടര്‍മാര്‍

സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധമുയർത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player