ചെന്നൈ: തൂത്തുക്കുടിയിൽ ഇരട്ട കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു.

അതേസമയം കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാം. അതേസമയം പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കോടതിയോട് പറഞ്ഞു.

അതിനിടെ സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപും ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡീഷ്യൽ കമ്മിഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്‌കരിച്ചു. ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മഹേന്ദ്രനെ പൊലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷനിൽ വച്ച് കൊടിയ മർദ്ദനത്തിന് ഇരയാക്കി. പ്രായപൂർത്തിയാകാത്ത പ്രതിക്കും ലോക്കപ്പ് മർദ്ദനത്തിന് ഇരയാകേണ്ടി വന്നു.

പൊലീസ് സ്റ്റേഷനിൽ രണ്ട് വർഷത്തിലേറെയായി സിസിടിവി പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. ലോക്കപ്പ് മർദ്ദനത്തിനായി സ്റ്റേഷനിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഫ്രണ്ട്സ് ഓഫ് പൊലീസ് എന്ന പേരിൽ ഒരു വോളണ്ടിയർ സംഘവും ഇവിടെയുണ്ട്. ഇവർക്കും മർദ്ദനത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. പ്രതികളുടെ  കുടുംബാംഗങ്ങളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു.