ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് മദ്രാസ് സർവകലാശാലയിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളെ അർധരാത്രി അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിലെ വിവിധ ക്യാമ്പസുകളിലേക്ക് പടർന്ന സാഹചര്യത്തിലാണ് അർധരാത്രിയിലെ പൊലീസ് നടപടി. ക്യാമ്പസിനകത്ത് കയറി മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് മാറ്റി. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ കമൽഹാസനെ സർവകലാശാല കവാടത്തിന് പുറത്ത് തടഞ്ഞ നടപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള നേതാക്കൾ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സർക്കാരിന് ലഭിച്ചു. സമരം ഇനിയും തുടർന്നാൽ കൈവിട്ടു പോകുമെന്ന നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയത്.

സ്വമേധയാ പിരിഞ്ഞു പോകണം എന്ന് പത്തു മണിയോടെ ജോയിന്റ് കമ്മീഷണർ എത്തി ആവശ്യപെട്ടെങ്കിലും വിദ്യാർത്ഥികൾ നിരാകരിച്ചു. ഇതിന് പിന്നാലെയിരുന്നു നടപടി. മറ്റ് ക്യാമ്പസുകളിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് പോരാട്ടം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

ബില്ലിനെ അനുകൂലിച്ച അണ്ണാഡിഎംകെയ്ക്ക് എതിരെ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിരോധം കടുപ്പിക്കുകയാണ് ഡിഎംകെ. ശ്രീലങ്കൻ തമിഴരെ പോലും സർക്കാർ വഞ്ചിച്ചെന്നാണ് ആരോപണം. 23 ന് നടക്കുന്ന പ്രതിപക്ഷ റാലിയിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യവും ഡിഎംകെയ്‌ക്ക് ഒപ്പം അണിനിരക്കും.