പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. പിന്നാലെ തന്നെ വീട്ടിലേക്ക് വലിയ രീതിയിൽ സമ്മാനങ്ങളും എത്തിത്തുടങ്ങി.ടിവി, ഫ്രിഡ്ജ്, എസി, അലമാര, മേശ, മിക്സി, എന്നുവേണ്ട എന്തൊക്കെ മാർക്കറ്റിലുണ്ടോ അതെല്ലാം വീരമണിയുടെ വീട്ടിലേക്ക് എത്തിയത് ക്യാഷ് ഓൺ ഡെലിവറി ആയി ആയിരുന്നു

മധുര: ആവശ്യമില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങൾ പങ്കുവച്ചതിന്റെ പ്രത്യാഘാതം നേരിട്ടറിഞ്ഞ് തമിഴ്നാട് സ്വദേശിയായ വ്ലോഗർ. മധുര സ്വദേശിയായ വീരമണിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുള്ള താരം. സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് ദീപാവലിക്ക് കുറച്ച് മധുര പലഹാരങ്ങൾ വാങ്ങി നൽകാമോയെന്ന ആവശ്യവുമായി വീരമണി വീഡിയോ ചെയ്തത്. വീഡിയോയിൽ താമസിച്ചിരുന്ന വിലാസവും ഫോൺ നമ്പറും അടക്കമുള്ളവ വീരമണി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. പിന്നാലെ തന്നെ വീട്ടിലേക്ക് വലിയ രീതിയിൽ സമ്മാനങ്ങളും എത്തിത്തുടങ്ങി.ടിവി, ഫ്രിഡ്ജ്, എസി, അലമാര, മേശ, മിക്സി, എന്നുവേണ്ട എന്തൊക്കെ മാർക്കറ്റിലുണ്ടോ അതെല്ലാം വീരമണിയുടെ വീട്ടിലേക്ക് എത്തിയത് ക്യാഷ് ഓൺ ഡെലിവറി ആയി ആയിരുന്നു. ഒരു വിരുതൽ വീരമണിയുടെ മേൽവിലാസത്തിൽ ഓർഡർ ചെയ്തത് പീരങ്കി. ഒരുദിവസം 70 മട്ടൻ ബിരിയാണി വരെ ക്യാഷ് ഓണ്‍ ഡെലിവറിയായി വീട്ടിലേക്കെത്തി.ഇതോടെ ഓണ്‍ലൈൻ ഡെലവറി ഏജന്റുമായി ബഹളങ്ങളും പതിവായി. ഇതോടെ നൻപർകളേയെന്ന പതിവ് ശൈലിയുമായി വീരമണി വീണ്ടും വീഡിയോയുമായി എത്തി.

എന്നാൽ പ്രതീക്ഷിക്കാത്ത തലത്തിൽ വീഡിയോയ്ക്ക് റീച്ച് കിട്ടിയതോടെ താമസ സ്ഥലം അടക്കം മാറേണ്ടി വന്ന നിലയിലാണ് വ്ലോഗറുള്ളത്. വെറുമൊരു തമാശ എന്നതിലപ്പുറം വീരമണിക്ക് നേരിട്ട അനുഭവം ചില തിരിച്ചറിവുകൾ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ആദ്യം ഒരു ചിരിയോടെ വീരമണിയ്ക്ക് സംഭവിച്ചത് സൈബറിടത്ത് ട്രെൻഡായെങ്കിലും, പരിധി വിട്ടുള്ള ഈ തമാശകളെ അങ്ങനെ ചിരിച്ച് കളയാൻ കഴിയില്ലെന്ന വാദവും ഉയരുന്നുണ്ട്.സാമൂഹ്യ മാധ്യമങ്ങളിൽ മേൽവിലാസവും ഫോണ്‍ നമ്പറും അടക്കം പങ്കിട്ട് അർഹതയില്ലാത്തത് ചോദിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാകട്ടെ എന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയും ഓണ്‍ലൈൻ ഡെലിവറി ജീവനക്കാരെ ബുദ്ധിമുട്ടിച്ചും നടക്കുന്ന ഈ തമാശ അത്ര കോമഡിയല്ലെന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും തന്റെ അവസ്ഥ റീലാക്കി പങ്കിട്ട് അക്കൗണ്ടും ഹിറ്റായി മില്യണ്‍ വ്യൂസുമായി വീരമണി ട്രെൻഡിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം