കാർ സർവീസ് സെന്ററിന് പുറത്തുവെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അവ്ദീപ് സിംഗിനെയും സഹായികളായ ബന്ധുവിനെയും ടാക്സി ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ വിവാഹത്തോടുള്ള എതിർപ്പാണ് ഈ കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.

റാംപൂർ: 49കാരിയായ അമ്മ 25 കാരനെ വിവാഹം ചെയ്തു. ന്യൂസിലാൻഡിൽ നിന്ന് എത്തി രണ്ടാനച്ഛനെ കൊലപ്പെടുത്തി 22കാരൻ. ഉത്തർ പ്രദേശിലെ റാംപൂറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 25കാരനായ നവ്ജ്യോത് സിംഗ് എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നവ്ജ്യോത് സിംഗിന്റെ സർവ്വീസ് സെന്ററിന്റെ വെളിയിൽ വച്ചാണ് 22കാരൻ രണ്ടാനച്ഛനെ വെടിവച്ച് വീഴ്ത്തിയത്. റാപൂറിലെ മിലാക് ഖാനം എന്ന സ്ഥലത്താണ് അക്രമം നടന്നത്. നവ്ജ്യോതിന്റെ ഭാര്യയും 49കാരിയുമായ കമൽ കൌറിന്റെ മകൻ അവ്ദീപ് സിംഗും ബന്ധുവും ടാക്സി ഡ്രൈവറും ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചത് ജനുവരി മാസത്തിലായിരുന്നു. ഭർത്താവ് മരിച്ച 49കാരിയായ കമൽ കൌറിനെ നവ്ജ്യോത് സിംഗ് വിവാഹം കഴിക്കുകയായിരുന്നു. നവ്ജ്യോതിന്റെ ഭാര്യയും മരണപ്പെട്ടിരുന്നു. കമാൽ കൌറിന് രണ്ട് ആൺമക്കളാണ് ഉണ്ടായിരുന്നത്. അവ്ദീപ് സിംഗും ജോഗൻപ്രീത് സിംഗും. ഇവർ രണ്ട് പേരും മൂന്ന് വർഷങ്ങൾക്ക് മുൻപ് ന്യൂസിലാൻഡിലേക്ക് താമസം മാറ്റിയിരുന്നു. അമ്മ വീണ്ടും വിവാഹം ചെയ്യുന്നതിനോട് ഇരുവർക്കും എതിർപ്പുണ്ടായിരുന്നു.

ഇതിന്റെ പേരിൽ നവ്ജ്യോതിനെ 49കാരിയുടെ മക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ പോയി തിരിച്ചുവന്ന നവ്ജ്യോത് ഒന്നര വർഷം മുൻപാണ് കാർ സർവീസ് സെന്റർ ആരംഭിച്ചത്. ശനിയാഴ്ച വൈകുന്നരം കാറിലെത്തിയ അക്രമികൾ നവ്ജ്യോതിനെ വെടിവയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചിരുന്നു. സർവീസ് സെന്ററിൽ നിന്ന് വലിച്ച് പുറത്തിറക്കിയ ശേഷമായിരുന്നു 22കാരൻ നവ്ജ്യോതിനെ വെടിവച്ചത്. മൂന്ന് റൌണ്ടിലേറെ വെടി നവ്ജ്യോതിനെ നേരെ ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. സെപ്തംബർ 22നാണ് അവ്ദീപ് ന്യൂസിലാൻഡിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഇതിന് ശേഷം ബന്ധുവിനൊപ്പം കൊലപാതകം ആസൂത്രണം ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം