മഹാകുംഭ് നഗർ ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരൺ ആനന്ദ് 73 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ഫെബ്രുവരി ഒന്നിന് മഹാകുംഭിൻ്റെ ആത്മീയ പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പ്രയാഗ് രാജ്: ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പെെതൃകം അനുഭവിച്ചറിയാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിനാളുകളാണ് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലെത്തുന്നത്. മാഹാകുംഭമേളയുടെ ആരംഭത്തോടെ പ്രയാഗ് രാജ് ആഗോള ആത്മീയ കേന്ദ്രമായി മാറിയിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾക്ക് പുറമെ തൃവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്നതിന് വേണ്ടി 73 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും ഇക്കുറി എത്തും. മഹാകുംഭ് നഗർ ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരൺ ആനന്ദ് 73 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ ഫെബ്രുവരി ഒന്നിന് മഹാകുംഭിൻ്റെ ആത്മീയ പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യ ഉക്രൈൻ, അമേരിക്ക, ബംഗ്ലാദേശ് തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന സംസ്കാരങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടെയും ആചാരങ്ങളുടേയും കലർപ്പാണ് വരും ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമായിട്ടുള്ള ജനത അനുഭവിക്കാൻ പോകുന്നത്. മഹാകുംഭമേള പോലെ അന്തർദേശീയ തലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ ഒരു സാംസ്കാരിക ഉത്സവത്തിന്റെ നടത്തിപ്പിൽ ഉത്തർ പ്രദേശ് സർക്കാരിന്റെ മേൽനോട്ടം അഭിനന്ദിക്കപ്പെടുകയും ലോകത്താകെ ഉത്തർപ്രദേശിന്റെ പ്രശസ്തി വർധിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ദർശനാത്മക നേതൃത്വമാണ് ഇതിന് കാരണമെന്ന അഭിപ്രായങ്ങളുമുണ്ട്. പ്രധാന രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ഉത്തർ പ്രദേശ് സർക്കാരും യോഗി ആദിത്യനാഥും മാറിയിരിക്കുന്നു.
ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, റഷ്യ, ഉക്രെയ്ൻ, ബംഗ്ലാദേശ്, ജർമ്മനി, അർമേനിയ, സ്ലോവേനിയ, ഹംഗറി, ബെലാറസ്, സീഷെൽസ്, മംഗോളിയ, കസാക്കിസ്ഥാൻ, ഓസ്ട്രിയ, പെറു, ഗ്വാട്ടിമാല, മെക്സിക്കോ, അൾജീരിയ, ദക്ഷിണാഫ്രിക്ക, എൽ സാൽവഡോർ, ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, ജോർദാൻ, ജമൈക്ക, എറിത്രിയ, ഫിൻലാൻഡ്, ടുണീഷ്യ, ഫ്രാൻസ്, എസ്റ്റോണിയ, ബ്രസീൽ, സുരിനാം, സിംബാബ്‌വെ, മലേഷ്യ, മാൾട്ട, ഭൂട്ടാൻ, ലെസോത്തോ, സ്ലൊവാക്യ, ന്യൂസിലാൻഡ്, കംബോഡിയ, കിർഗിസ്ഥാൻ, ചിലി, സൈപ്രസ്, ക്യൂബ, നേപ്പാൾ, റൊമാനിയ, വെനിസ്വേല, അംഗോള, ഗയാന, ഫിജി, കോയലോം , ഗിനിയ, മ്യാൻമർ, സൊമാലിയ, ഇറ്റലി, ബോട്സ്വാന, പരാഗ്വേ, ഐസ്ലാൻഡ്, ലാത്വിയ, നെതർലാൻഡ്സ്, കാമറൂൺ, കാനഡ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, തായ്ലൻഡ്, പോളണ്ട്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ തൃവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയതിന് ശേഷം മഹാകുംഭ് നഗറിലെ ബഡേ ഹനുമാൻ ജി, അക്ഷയാവത് തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ സൂചിപ്പിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മഹാകുംഭ് എക്സ്പീരിയൻസ് സെൻ്ററിൽ ഇവർക്ക് കുംഭമേള പൂർണമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലൊരനുഭവം നയതന്ത്രജ്ഞർക്ക് ഇന്ത്യയുടെ സംസ്കാരം, ആത്മീയത, മതേതര പാരമ്പര്യങ്ങൾ എന്നിവ അനുഭവിക്കാൻ അവസരം നൽകും. യോഗ, ധ്യാനം, ആത്മീയത എന്നിവയുൾപ്പെടെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിലേക്കുള്ള ആഗോള ആമുഖമായി ഇത് മാറുകയും ചെയ്യും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിദേശകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥർക്കായി ബംറൗലി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ പ്രഭാതഭക്ഷണവും ഗൈഡഡ് ടൂറുകളും ഉൾപ്പെടെ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിലെ 140 ജീവനക്കാർക്ക് ഗതാഗതത്തിനായി പ്രത്യേകം ക്രമീകരിച്ച ബോട്ടുകളിൽ പ്രവേശനമുണ്ട്.
