മുംബൈ: സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പന മഹാരാഷ്ട്രയില്‍ നിരോധിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇവയുടെ ചില്ലറ വില്‍പന നിരോധിക്കുന്നത്. വില്‍പന നിരോധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. പേക്കറ്റിലല്ലാതെ ചില്ലറ വില്‍പന നടത്തുമ്പോള്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍ അറിയിക്കുന്നതിനുള്ള ബോധവത്കരണ പരസ്യം ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം.

സര്‍ക്കാര്‍ തീരുമാനം യുവാക്കളില്‍ പുകവലി ശീലം കുറയാന്‍ കാരണമാകുമെന്ന് അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. പങ്കജ് ചതുര്‍വേദി അഭിപ്രായപ്പെട്ടു. കൗമാരക്കാരില്‍ വലിയ വിഭാഗം മുഴുവന്‍ പേക്കറ്റ് വാങ്ങാന്‍ സാമ്പത്തികമില്ലാത്തതിനാല്‍ ചില്ലറ വാങ്ങിയാണ് പുകവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റിന് 10 ശതമാനം നികുതി വര്‍ധിപ്പിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ എട്ട് ശതമാനമാണ് പുകവലിയില്‍ കുറവുണ്ടാതയതെന്നും അദ്ദേഹം പറഞ്ഞു.