മുംബൈ: മഹാരാഷ്ട്രയിൽ സ‍ര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി തന്ത്രങ്ങൾ ഫലം കാണുന്നില്ലെന്ന് ഏറെക്കുറെ വ്യക്തമായി. സംസ്ഥാനത്ത് എൻസിപിയിൽ നിന്ന് അഝിത് പവാറിനെ അട‍ർത്തിയെടുത്ത് സ‍ര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അജിത് പവാറടക്കം, അവശേഷിക്കുന്ന അഞ്ച് വിമതരിൽ ഒരാൾ കൂടി എൻസിപി കൂടാരത്തിലേക്ക് തിരികെയെത്തി.

നിമിഷങ്ങൾക്കകം സുപ്രീം കോടതിയിൽ മഹാരാഷ്ട്രയിലെ ഫ‍ഡ്നവിസ് സര്‍ക്കാരിനെതിരായ റിട്ട് ഹ‍ര്‍ജിയിൽ വാദം കേൾക്കാനിരിക്കെയാണ് ഇത്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് 165 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്കെതിരായ സംയുക്ത നീക്കത്തിന്റെ ച‍ര്‍ച്ചകൾ തുടരുന്നതിനിടെ കോൺഗ്രസ് നേതാവ് അശോക് ചവാൻ, രാവിലെ ശരദ് പവാറിന്റെ വസതിയിലേക്കെത്തിയിരുന്നു. അതേസമയം അനുനയ നീക്കവുമായി മുതിര്‍ന്ന എൻസിപി നേതാവും എംഎൽഎയുമായ ദിലീപ് വൽസേ  പാട്ടീൽ, അജിത് പവാറിനെ സന്ദർശിച്ചു.

അതിനിടെ സുപ്രീം കോടതിയിൽ വാദപ്രതിവാദത്തിന് അരങ്ങൊരുങ്ങി. മൂന്നംഗ ഡിവിഷൻ ബെഞ്ച് ഹാജരായ രണ്ടാം നമ്പ‍ര്‍ കോടതിയിൽ ഹര്‍ജിക്കാര്‍ക്ക് വേണ്ടി പൃഥ്വിരാജ് ചവാൻ, രൺദീപ് സിങ് സുർജേവാല എന്നിവർ എത്തി. ശിവസേന എംപി ഗജാനന്  കീർത്തികറും  കോടതി മുറിക്കുള്ളിൽ എത്തി. എൻസിപി നേതാവും അഭിഭാഷകനുമായ മജീദ് മേമൻ, കപിൽ സിബൽ, മനു അഭിഷേക് സിംഗ്‌വി എന്നിവരാണ് ശിവസേനക്കും കോൺഗ്രസിനും എൻസിപിക്കും വേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.