മുംബൈ: മഹാരാഷ്ട്ര പാല്‍ഘറില്‍ സന്ന്യാസിമാര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കേസ് സംബന്ധിച്ച് അമിത് ഷായുമായി ഫോണില്‍ സംസാരിച്ചെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. കേസില്‍ നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്ന്യാസിമാരെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി മോഷണം പതിവായിരുന്നു. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും ആക്രമണം നടന്നത് വര്‍ഗീയമായല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് ലോക്ക് ഡൗണിനിടയിൽ ആൾക്കൂട്ട നരഹത്യ, പാൽഘറിൽ മൂന്നുപേരെ ജനം അടിച്ചു കൊന്നതിനു പിന്നിലെ മനഃശാസ്ത്രം

ദാദ്ര നഗര്‍ ഹവേലിക്ക് അതിര്‍ത്തിയില്‍ പൊലീസ് സന്ന്യാസിമാരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തിരികെ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നിന്ന് ആക്രമണമേറ്റത്. വടികളും കല്ലും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിനും ആക്രമണമേറ്റു. ആക്രമണ ദൃശ്യങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. സന്ന്യാസിമാര്‍ ജീവന് വേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. മരിച്ചവരില്‍ രണ്ട് പേര്‍ സന്ന്യാസിമാരും ഒരാള്‍ ഡ്രൈവറുമാണ്. കുട്ടികളെ തട്ടിയെടുത്ത് കിഡ്‌നിയെടുക്കുന്ന സംഘവും ഗ്രാമത്തിലെത്തിയെന്ന് അഭ്യൂഹം പരന്നിരുന്നു.