ദില്ലി: ദേശീയ പൗരത്വ രജിസ്റ്ററിനോട് മഹാരാഷ്ട്ര സര്‍ക്കാര്‍ സഹകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയിലോ ജനസംഖ്യാ രജിസ്റ്ററിലോ ആശങ്കപ്പെടേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ്പറഞ്ഞെന്ന് ഉദ്ധവ് താക്കറേ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററിലൂടെ(എൻപിആർ) ആരെയും രാജ്യത്ത് നിന്ന് പുറത്താക്കില്ല. ഇക്കാര്യം മോദി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് എൻപിആറിനോട് മഹാരാഷ്ട്ര സഹകരിക്കും. ഇക്കാര്യത്തില്‍ സഖ്യകക്ഷികൾക്കിടയിൽ ഭിന്നാഭിപ്രായമില്ലെന്നും താക്കറേ വ്യക്തമാക്കി. മകനും മന്ത്രിസഭയിലെ അംഗവുമായ ആദിത്യ താക്കറേക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.