Asianet News MalayalamAsianet News Malayalam

'ജിഹാദ്‌' എന്ന്‌ പറയുന്നവരെല്ലാം തീവ്രവാദിയാകണമെന്നില്ലെന്ന്‌ പൊലീസിനോട്‌ കോടതി

ജിഹാദ്‌ എന്ന വാക്കിനര്‍ത്ഥം പോരാട്ടം എന്നാണെന്നും അതിന്‌ എല്ലായ്‌പ്പോഴും തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്‌ജി അഭിപ്രായപ്പെട്ടു.

maharashtra court observed that a person cannot be branded as a terrorist merely for using the word jihad
Author
Mumbai, First Published Jun 19, 2019, 5:43 PM IST

മുംബൈ: ജിഹാദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചതിന്റെ പേരില്‍ ഒരാള്‍ തീവ്രവാദിയാകണമെന്നില്ലെന്ന്‌ പൊലീസിന്‌ കോടതിയുടെ വിമര്‍ശനം. തീവ്രവാദക്കുറ്റം ആരോപിച്ച്‌ ഹാജരാക്കപ്പെട്ട മൂന്ന്‌ പേരുടെ കേസില്‍ വാദം കേള്‍ക്കവെയായിരുന്നു അകോലാ കോടതി സ്‌പെഷ്യല്‍ ജഡ്‌ജി എ എസ്‌ ജാദവിന്റെ പരാമര്‍ശം.

യുഎപിഎ അടക്കമുള്ളവ ചുമത്തിയാണ്‌ അബ്ദുള്‍ റസാഖ്‌, ഷൊയബ്‌ ഖാന്‍, സലീം മാലിക്‌ എന്നിവരെ പൊലീസ്‌ കോടതിയില്‍ ഹാജരാക്കിയത്‌. 2015ല്‍ അകോലയിലെ പുസാദിലുള്ള മുസ്ലീം പള്ളിക്ക്‌ മുമ്പില്‍ വച്ച്‌ പോലീസുകാരനെ ആക്രമിച്ച സംഭവത്തിലാണ്‌ ഇവരെ പ്രതിചേര്‍ത്തത്‌. ബീഫ്‌ നിരോധനവുമായി ബന്ധപ്പെട്ടാണ്‌ സംഘര്‍ഷമുണ്ടായത്‌. പള്ളിയിലെത്തിയ അബ്ദുള്‍ റസാഖ്‌ കത്തിയെടുത്ത്‌ പൊലീസുകാരനെ കുത്തിയെന്നും അതിനു മുമ്പ്‌ ഇത്‌ ബീഫ്‌ നിരോധിച്ചതിന്റെ പേരിലുള്ളതാണെന്ന്‌ പറഞ്ഞു എന്നുമാണ്‌ പ്രോസിക്യൂഷന്‍ ആരോപിച്ചത്‌.

അന്നത്തെ സംഭവം തീവ്രവാദ സംഘടനകളിലേക്ക്‌ യുവാക്കളെ ആകര്‍ഷിക്കുന്നതിന്‌ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന്‌ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ആരോപിച്ചു. പ്രതികള്‍ അക്രമത്തിനിടെ ജിഹാദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചു എന്നതാണ്‌ വിശദീകരണമായി പൊലീസ്‌ പറഞ്ഞത്‌. ഇതിനെയാണ്‌ ജഡ്‌ജി വിമര്‍ശിച്ചത്‌.

ജിഹാദ്‌ എന്ന വാക്കിനര്‍ത്ഥം പോരാട്ടം എന്നാണെന്നും അതിന്‌ എല്ലായ്‌പ്പോഴും തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്‌ജി അഭിപ്രായപ്പെട്ടു. ജിഹാദ്‌ എന്ന്‌ ഉപയോഗിച്ചെന്ന്‌ കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios