മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം നാൽപതിനായിരത്തിലേക്ക് അടുക്കുന്നു.  ഇന്ന് മാത്രം 2250 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39297 പേർക്ക് രോ​ഗബാധയുണ്ടായതായാണ് ഇതുവരെയുള്ള കണക്ക്. 10318 പേർക്ക് ഇതുവരെ രോഗം ഭേദമായി. ഇന്ന് 65 പേർ രോ​ഗം ബാധിച്ച് മരിച്ചു. 1390 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 

രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തോളം  പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇത് വരെ 106750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വർധനയാണ് ഇത്. 140 പേരാണ് 24 മണിക്കൂറിനിടെ രോഗം മൂലം മരണത്തിന് കീഴടങ്ങിയത് ഇതോടെ രാജ്യത്തെ ആകെ മരണം 3303 ആയി ഉയർന്നു.

ഇന്നലെയാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നത്. നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് രോഗ വ്യാപനം നിയന്ത്രണങ്ങൾക്ക് അതീതമായി വർധിക്കുന്നത്. രാജ്യത്ത്  പ്രതിദിന കൊവിഡ് നിർണ്ണയ പരിശോധന ഇന്നലെ ഒരു ലക്ഷം പിന്നിട്ടതിന് പിന്നാലെ കേന്ദ്രം പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

മെയ് 11 ന് ശേഷം 3500 ലേറെ പുതിയ കേസുകള്‍ ഓരോ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലും അയ്യായിരത്തിനടുത്താണ് പുതിയ രോഗികളുടെ എണ്ണം. മെയ് 11 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലെ ഇന്ത്യയുടെ രോഗവ്യാപനത്തിന്‍റെ തോത് 59 ശതമാനമാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ 67152 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.