ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്. ബാബ ഫർസാന്റെ രണ്ടാംഭാര്യ ഷീല ​ഗണപത് റാവു സാൽവെ താമസിക്കുന്ന വീട്ടിലാണ് പൊലീസ് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.

മുംബൈ: തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ​​ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന് വൻതോതിൽ പണവും സ്വർണവും ഉൾപ്പെടെ പിടിച്ചെടുത്തു. ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിനുശേഷം പൊലീസ് നടത്തിയ റെയ്ഡിലാണ് കണക്കിൽപ്പെടാത്ത പണവും മറ്റുസ്വത്തുക്കളും കണ്ടെടുത്തത്. അഞ്ചുകോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും തോക്കുകളടക്കമുള്ള ആയുധങ്ങളും 21 ലക്ഷം രൂപയുടെ സ്വർണവും ഇതിലുൾപ്പെടുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാബ ഫർസാന്റെ രണ്ടാംഭാര്യ ഷീല ​ഗണപത് റാവു സാൽവെ താമസിക്കുന്ന വീട്ടിലാണ് പൊലീസ് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. തുടർന്നാണ് വീട്ടിലെ മുറികളിൽ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വൻതോതിൽ നോട്ടുകെട്ടുകളുടെ കൂമ്പാരമായിരുന്നു മുറിക്കുള്ളിൽ. 100, 200, 50,20,10 രൂപകളുടെ നോട്ടുകളായിരുന്നു ഇത്തരത്തിൽ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. ഇതോടെ നോട്ടുകൾ എണ്ണാനായി ഉദ്യോ​ഗ​സ്ഥർ അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചു. എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയതോടെയാണ് 5.26 കോടി രൂപയുണ്ടെന്ന് വ്യക്തമായത്. ഇതിനുപുറമേ രണ്ട് പിസ്റ്റളുകൾ, നാല് റൈഫിളുകൾ, രണ് എയർ ​ഗണ്ണുകൾ, ഒരു വാൾ, മൂന്ന് കഠാര, 17 തരം കത്തികൾ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു.

21.34 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 8.09 ലക്ഷം രൂപയുടെ വെള്ളിയും 45 മുന്തിയ വിദേശമദ്യക്കുപ്പികളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനപുറമേ വിവിധ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും 1990-കളിലെ ചില കേസുകളുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളുടെ തെളിവുകളും പരിശോധനയിൽ കണ്ടെത്തി.

1990-കളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിന​ഗറിനെയും സമീപമേഖലകളെയും വിറപ്പിച്ച കുപ്രസി​ദ്ധ ​ഗുണ്ടാത്തലവനായിരുന്നു ബാബ ഫർസാൻ. അക്കാലത്തെ ഡോൺ ആയിരുന്ന ബാബ ഫർസാൻ ഒട്ടേറെ കേസുകളിലും പ്രതിയായിരുന്നു. സാമ്പത്തിക തർക്കം, ഭൂമി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് പണം കൈക്കലാക്കലും പതിവായിരുന്നു. 1980 മുതൽ 90 വരെ മേഖലയിലെ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായിരുന്ന ബാബ ഫർസാൻ പിന്നീടാണ് ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോ​ഗ്യനില മോശമായതിനാൽ ബാബ ഫർസാൻ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആറുമാസം മുൻപാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് പഴയ ​ഗുണ്ടാത്തലവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പൊലീസും ക്രൈംബ്രാഞ്ചും പരിശോധന നടത്തിയത്.