ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്നാണ് പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം.
മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വാശിയേറിയ പ്രചാരണ പരിപാടികളാണ് ഭരണത്തുടര്‍ച്ചയുണ്ടാകാന്‍ മഹാരാഷ്ട്രയില്‍ ബിജെപി നടത്തുന്നത്. ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്നാണ് പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം.
സാമൂഹ്യപരിഷ്കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍കര്‍ക്കൊപ്പാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇക്കാര്യം വ്യക്തമാക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും നല്‍കിയ സംഭാവനകളെ നിഷേധിക്കുന്നില്ലെന്നും എന്നാല്‍ മറ്റ് നിരവധി കുടുംബങ്ങളും സമരത്തിന് പിന്നില്‍ ഉണ്ടായിരുന്നെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സവര്‍ക്കര്‍ 14 വര്‍ഷം ജയിലില്‍ കഴിഞ്ഞു. സവര്‍ക്കര്‍ അനുഭവിച്ചപോലെ 14 മിനിറ്റെങ്കിലും നെഹ്റു ജയില്‍വാസം അനുഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ വീരന്‍ എന്ന് വിളിക്കുമായിരുന്നെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
