മുംബൈ: ഏറെ പ്രതീക്ഷയോടെ എഴുതിയ നീറ്റ് പരീക്ഷയില്‍ 0 മാര്‍ക്ക് ലഭിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി. 720 മാര്‍ക്കിന്‍റെ പരീക്ഷയില്‍ കുറഞ്ഞത് 650 മാര്‍ക്ക് നേടുമെന്ന് ഉറപ്പിച്ചിരുന്ന വിദ്യാര്‍ഥിനിക്കാണ് 0 മാര്‍ക്ക് ലഭിച്ചത്. ഇതോടെയാണ് വിദ്യാര്‍ഥിനി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. 

ഒക്ടോബര്‍ 16നാണ് നീറ്റ് പരീക്ഷാഫലം പുറത്ത് വന്നത്. 720 മാര്‍ക്കുമായി ഒഡിഷ സ്വദേശിയായ സൊയേബ് അഫ്താബാണ് ഒന്നാം സ്ഥാനത്തെത്തിയതെന്നായിരുന്നു റിസല്‍ട്ട്.  എന്നാല്‍ ദില്ലി സ്വദേശിയായ ആകാംഷ് സിംഗും 720 സ്കോര്‍ നേടിയിട്ടുണ്ടെന്നാണ് എന്‍ടിഎയുടെ വെബ്സൈറ്റിലെ പട്ടിക വ്യക്തമാക്കുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതിന് പിന്നാലെയാണ് വസുന്ധര ഭോംജെ എന്ന വിദ്യാര്‍ഥിനിയാണ് ഒഎംആര്‍ പുനപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും മുംബൈ ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒഎംആര്‍ ഷീറ്റ് കോടതിയില്‍ ഹാജരാക്കി പുനപരിശോധന നടത്തണമെന്നാണ് വസുന്ധര ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡ് തല പരീക്ഷകളില്‍ ഉന്നതമായ മാര്‍ക്ക് നേടിയിട്ടുള്ള വിദ്യാര്‍ഥിനിയാണ് വസുന്ധര.